ശബരിമലയിലെ സ്വർണപ്പാളി : രേഖകൾ പിടിച്ചെടുത്ത് ഹൈക്കോടതി

Saturday 13 September 2025 12:53 AM IST

കൊച്ചി: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഇളക്കി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയേറി. ദേവസ്വം ബോർഡ് ഹാജരാക്കിയ ഫയലുകൾ പരിശോധിച്ച ഹൈക്കോടതി പൊരുത്തക്കേടുകൾ കണ്ടെത്തി. ആറന്മുളയിലെ തിരുവാഭരണം കമ്മിഷണറുടെ ഓഫീസിലുള്ള മഹസറും രജിസ്റ്ററുകളും അടിയന്തരമായി പിടിച്ചെടുത്ത് ഇന്നലെത്തന്നെ ഹാജരാക്കാൻ ദേവസ്വം വിജിലൻസ് ചീഫ് പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.

ശബരിമല സ്പെഷൽ കമ്മിഷണറെ മുൻകൂട്ടി അറിയിക്കാതെ പാളികൾ കൊണ്ടുപോയതിൽ സ്വമേധയാ എടുത്ത ഹർജിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.ഇലക്ട്രോ പ്ലേറ്റിംഗിനായി ചെന്നൈ ആമ്പട്ടൂരിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുണ്ടെന്ന് ബോർഡ് ഇന്നലെ അറിയിച്ചു. ഇളക്കിയ സ്വർണം ഉരുക്കി സയനൈഡ് ലായനിയിൽ മുക്കിയിരിക്കുകയാണ്.ഈ രീതിയിൽ കൊണ്ടുവന്നാൽ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.സ്മാർട്ട് ക്രിയേഷൻസിനെയും സ്പോൺസറായ ബംഗളൂരു ശ്രീരാമപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയെയും കേസിൽ കക്ഷി ചേർത്തു. പോറ്റി ഇതിനായി ബാങ്കിലൂടെ കൈമാറിയ തുക എത്രയെന്നറിയിക്കണം. നികുതി രേഖകൾ സമർപ്പിക്കുകയും വേണം

സ്ട്രോങ് റുമിലെ ശിൽപം

ഇളക്കിയതെന്തിന്

2024 ഒക്ടോബർ 2ന് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വത്തിന് അയച്ച ഇ-മെയിലിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ശില്പങ്ങളുടെ നിറം മങ്ങിയെന്നും ഇലക്ട്രോപ്ലേറ്റിംഗിലൂടെ പരിഹരിക്കാമെന്നും ഇതിൽ പറഞ്ഞിരുന്നു. പഴയ കാലത്തെ രണ്ട് ദ്വാരപാലക ശില്പങ്ങൾ കൂടി കൊടുത്തയയ്‌ക്കണമെന്നും ഇതിലെ സ്വർണം ഇളക്കിയെടുത്താൽൽ ചെലവ് കുറയ്‌ക്കാമെന്നും വ്യക്കമാക്കി.ഇതെന്തിനാണെന്ന സംശയമാണ് കോടതി ഉയർത്തിയത്. ദ്വാരപാലക ശില്പങ്ങൾ, തങ്കപീഠം, ശ്രീകോവിലിന്റെ ഡോർ പാനൽ, ലിന്റൽ, ലക്ഷ്മീരൂപം, കമാനം എന്നിങ്ങനെ 101 ചതുരശ്രഅടിക്ക് 303 ഗ്രാം സ്വർണം വേണ്ടിവരുമെന്നാണ് ദേവസ്വം സ്വർണപ്പണിക്കാരൻ കണക്കാക്കിയത്. ഇത്രയും സ്വർണത്തിന് ഇന്നത്തെ വില 31 ലക്ഷം രൂപ വരുമെന്ന് കോടതി പറഞ്ഞു.

ഇലക്ട്രോ പ്ലേറ്റിംഗ് വേണ്ടെന്നും പരമ്പരാഗത രീതിയിൽ സ്വർണം പൂശിയാൽ മതിയെന്നുമാണ് തിരുവാഭരണം കമ്മിഷണർ ആദ്യം നിലപാടെടുത്തത്. പീന്നിട് ബോ‌ർഡ് അധികാരികളുടെ നിർദ്ദേശ പ്രകാരം സ്പോൺസറുമായി സംസാരിച്ചതോടെ മലക്കം മറിഞ്ഞു. അറ്റകുറ്റപ്പണികൾ ചെന്നൈയിൽ തന്നെ നടത്താമെന്നായി. ഇതിനു പിന്നാലെയാണ് ബോർഡ് ഉത്തരവിറക്കിയതെന്ന് കോടതി കണ്ടെത്തി.