സുസ്ഥിര നഗര നയം അനിവാര്യം: മുഖ്യമന്ത്രി
കൊച്ചി: അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളത്തിൽ എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സുസ്ഥിര നഗര നയം അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ ഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2035ൽ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗരവാസികളാകും. നഗരവത്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അവസരങ്ങളാക്കി മാറ്റാനാണ് നവകേരളം എന്ന ആശയം മുന്നോട്ട് വയ്‌ക്കുന്നത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ തുടരുന്നതിനും, നഗരവത്കരണം മൂലം സംഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുമുള്ള കർമ്മ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹരിതകേരളം, ലൈഫ്, ആർദ്രം എന്നിവ ഇതിന്റെ ഭാഗമാണ്.
മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി മനോഹർലാൽ ഖട്ടർ മുഖ്യാതിഥിയായി. ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിലെ അടിസ്ഥാന സൗകര്യ എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗ്, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കേരള അർബൻ പോളിസി കമ്മിഷൻ ചെയർമാൻ പ്രൊഫ. എം. സതീഷ്‌കുമാർ, എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്‌സി, ടി.ജെ. വിനോദ്, കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.