തിരുവല്ലയിലെ വാതകശ്‌മശാനം വീണ്ടും തകരാറിൽ

Saturday 13 September 2025 2:07 AM IST
തിരുവല്ലയിലെ പൊതുശ്‌മശാനം

തിരുവല്ല : നഗരസഭയിലെ പൊതുശ്മശാനമായ ശാന്തികവാടം മാസങ്ങൾക്കുശേഷം വീണ്ടും പണിമുടക്കി. യന്ത്രത്തകരാറാണ് ഇത്തവണ ദുരിതമായത്. ഇതോടെ മറ്റിടങ്ങളിൽ എത്തിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ നഗരസഭ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യന്ത്രത്തിന്റെ മോട്ടോർ തകരാറിലായത്. ഗ്യാസ് ചേംബറിന് ഉള്ളിലേക്ക് മൃതദേഹങ്ങൾ കടത്തിവിടുന്ന സംവിധാനവും തകരാറിലാണ്. ഇതേതുടർന്ന് മൂന്ന് ദിവസമായി പ്രവർത്തനം മുടങ്ങിയ നിലയിലാണ്. നഗരാതിർത്തിയിലുള്ളവർ മൃതദേഹം സംസ്‌കരിക്കാൻ സൗകര്യമില്ലാതെ ചങ്ങനാശേരി നഗരസഭയുടേയും മറ്റ് പഞ്ചായത്തുകളുടെയും ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്. 2022 ഒക്ടോബറിലും നഗരത്തിലെ ഏക ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചിരുന്നു. പുകക്കുഴൽ ഒടിഞ്ഞു വീണതിനെ തുടർന്നായിരുന്നു ശ്മശാനം പണിമുടക്കിയത്. രണ്ടും മൂന്നും സെന്റ് സ്ഥലത്ത് വീടുവച്ച് താമസിക്കുന്ന നിരവധി കുടുംബങ്ങൾ നഗരസഭയിലുണ്ട്. എട്ടുവർഷം മുമ്പാണ് വൈദ്യുതിയിൽ പ്രവർത്തിച്ചിരുന്ന ശ്മശാനം വാതകത്തിലേക്ക് മാറുന്നത്. 50 ലക്ഷം രൂപ ചെലവിട്ട് ആദ്യം നിർമ്മിച്ച വൈദ്യുതി ശ്മശാനം പലതവണ തകരാറിലായി പ്രവർത്തനം നിലച്ചതോടെയാണ് 30 ലക്ഷം വീണ്ടും മുടക്കി വാതക ശ്മശാനമാക്കി മാറ്റിയത്. തകരാറിലായ ശ്മശാനത്തിനെതിരെ സമീപവാസികൾ ഉൾപ്പെടെ നിരവധി തവണ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. വീണ്ടും പ്രവർത്തനം നിലച്ചതോടെ വിവിധ സാമുദായിക, രാഷ്ട്രീയ സംഘടനകൾ ഉൾപ്പെടെ നഗരസഭയ്ക്കെതിരെ പ്രതിഷേധിച്ചു.