വന്ദേഭാരതിൽ ആവണിയെത്തി, പുതുഹൃദയം ഏറ്റുവാങ്ങാൻ

Saturday 13 September 2025 12:20 AM IST

കൊല്ലം/കൊച്ചി: കൊല്ലത്തു നിന്ന് കൊച്ചിയിലേക്കുള്ള രണ്ടു മണിക്കൂർ വന്ദേഭാരത് ട്രെയിൻ യാത്ര ആവണിക്ക് പുതുജീവിതത്തിലേക്കുള്ള യാത്രയായിരുന്നു. അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായാണ് കൊല്ലം അഞ്ചൽ സ്വദേശിയായ 13കാരി ആവണിയെ കൊച്ചിയിൽ എത്തിച്ചത്. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയം ആവണിയിൽ തുന്നിച്ചേർക്കും. എറണാകുളം ലിസി ആശുപത്രിയിൽ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.

ഇന്നലെ രാത്രി 7.02ന് വന്ദേഭാരത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് ആംബുലൻസിൽ ആവണിയെ ആശുപത്രിയിലെത്തിച്ചു. കാർഡിയാക് മയോപ്പതി മൂലമാണ് ആവണിക്ക് ഹൃദയം മാറ്റിവയ്‌ക്കേണ്ടി വന്നത്. ചികിത്സ നടത്തുന്ന തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പോകവേ പോത്തൻകോട് വച്ച് ഉച്ചയ്ക്ക് ഒന്നോടെയാണ് ആവണിയുടെ അച്ഛൻ സന്തോഷിന്റെ ഫോണിലേക്ക് ലിസി ആശുപത്രിയിൽ നിന്ന് വിളിയെത്തിയത്.

മന്ത്രി പി.രാജീവുമായി ബന്ധപ്പെട്ട് എയർ ആംബുലൻസ് സൗകര്യം ഒരുക്കിയെങ്കിലും വൈകിട്ട് ഏഴോടെ എത്തിയാൽ മതിയെന്ന് അറിയിച്ചതോടെ ആംബുലൻസിൽ കൊണ്ടുപോകാൻ തീരുമാനിച്ചു. പെൺകുട്ടി ബുദ്ധിമുട്ട് അറിയിച്ചതോടെ എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ഇടപെടലിൽ വന്ദേഭാരതിൽ കൊച്ചിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. വൈകിട്ട് അഞ്ചോടെ ആവണിയുമായി അച്ഛനും അമ്മ സിന്ധുവും കൊച്ചിയിലേക്ക് തിരിച്ചു.

നെടുമ്പാശേരി കരിയാട് ദേശീയപാതയിൽ സെപ്തംബർ രണ്ടിന് രാത്രി ബൈക്കിൽ ലോറി ഇടിച്ചാണ് കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥി ബിൽജിത്തിന് ഗുരുതര പരിക്കേറ്റത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. ബിൽജിത്തിന്റെ വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്യും. അച്ഛൻ: ബിജു പാലമറ്റം. അമ്മ: ലിന്റ. സഹോദരൻ: ബിവൽ.

രോഗം സ്ഥിരീകരിച്ചത്

പത്താം വയസിൽ

പത്താം വയസിലാണ് ആവണിക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഹൃദയം ചുരുങ്ങിയ അവസ്ഥയിലായിരുന്നു. ഹൃദയ വാൽവിൽ സുഷിരം ഉള്ളതായും കണ്ടെത്തി.

മത്സ്യവ്യാപാരിയായ സന്തോഷിന് മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കഴിയാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. കാരുകോൺ ജി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ: അമൽ.