പൊലീസ് കംപ്ളയിന്റ് അതോറിട്ടി അദ്ധ്യക്ഷന് 'ത്രിബിൾ' റോൾ, 2 കമ്മിഷനുകളുടെ കൂടി ചുമതല
അതോറിട്ടി നോക്കുകുത്തി വെള്ളാനയായി കമ്മിഷനുകൾ
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾ വർദ്ധിക്കുമ്പോൾ നോക്കുകുത്തിയായി മാറിയ
സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിട്ടിയുടെ അദ്ധ്യക്ഷൻ റിട്ട. ജസ്റ്റിസ് വി.കെ.മോഹനന് സർക്കാർ നൽകിയിരിക്കുന്നത് മറ്റു രണ്ട് ജുഡിഷ്യൽ കമ്മിഷനുകളുടെ കൂടി ചുമതല. ശരിക്കും ത്രിബിൾ റോൾ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെയുള്ള കമ്മിഷന്റെയും താനൂർ ബോട്ടപകടം അന്വേഷിക്കുന്ന കമ്മിഷന്റെയും അദ്ധ്യക്ഷൻ കൂടിയാണ് ജസ്റ്റിസ് മോഹനൻ.
കസ്റ്റഡി മർദ്ദനമടക്കം പരാതികൾ ഏറിയിട്ടും കംപ്ളയിന്റ് അതോറിട്ടി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാകുമ്പോൾ മറ്റു രണ്ട് കമ്മിഷനുകൾ നിർജീവമാണെന്നാണ് ആരോപണം. രണ്ട് കമ്മിഷനുകളും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സർക്കാരാകട്ടെ കാലാവധി നീട്ടി നൽകുകയും ചെയ്യുന്നു. ഇതിലൂടെ പൊതുഖജനാവിനുണ്ടാകുന്നത് വൻ നഷ്ടവും.
സ്വർണക്കടത്തുക്കേസ് കമ്മിഷന്റെ പ്രവർത്തനം നാലുവർഷത്തിലേറെയായിട്ടും എങ്ങുമെത്തിയില്ല. എട്ടുതവണ കാലാവധി നീട്ടി. കഴിഞ്ഞ മേയിലും ആറുമാസത്തേക്ക് നീട്ടിയിരുന്നു. ജുഡിഷ്യൽ ഉദ്യോഗസ്ഥരും ഒമ്പതു സ്റ്റാഫും അടങ്ങുന്നതാണ് കമ്മിഷൻ. സർക്കാർ ചെലവിൽ ഇതൊരു വെള്ളാനയായി മാറിയെന്നാണ് ആക്ഷേപം.
2020 ജൂലായ് മുതൽ കേന്ദ്രഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനാണ് മോഹനൻ കമ്മിഷനെ നിയോഗിച്ചത്. 2021മേയിൽ കമ്മിഷനെ ചുമതലപ്പെടുത്തി വിജ്ഞാപനമിറക്കി. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്നയും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെ തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്.
സ്റ്റേ നിലനിൽക്കേ
കാലാവധി നീട്ടി
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾതേടി കമ്മിഷൻ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. എന്നാൽ, കാര്യമായ ഫലമുണ്ടായില്ല. ജുഡിഷ്യൽ കമ്മിഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും സർക്കാർ അത് നീക്കിയെടുത്തു. ഇ.ഡി പിന്നീട് സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ നേടി. ഇത് നിലനിൽക്കവേയാണ് കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടിയത്.
പരാതികൾ
ഗൗനിക്കുന്നില്ല
1.കസ്റ്രഡി മർദ്ദനമടക്കം പൊലീസ് അതിക്രമങ്ങളിൽ കംപ്ളയിന്റ് അതോറിട്ടി കാര്യമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. പരാതികൾ ഗൗനിക്കുന്നില്ലെന്നും ആരോപണം
2.ശുപാർശ നൽകാനേ അതോറിട്ടിക്ക് അധികാരമുള്ളു. ഇതുവരെ നൽകിയ ശുപാർശകളിൽ എത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചെന്നതിന്റെ കണക്കുമില്ല
3.പൊലീസിനെതിരായ കേസുകൾ കുറയുകയാണെന്നാണ് അതോറിട്ടിയുടെ വിചിത്ര വിശദീകരണം
കാറിൽ ബീക്കൺ,
ചെലവ് ലക്ഷങ്ങൾ
കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചാണ് കംപ്ലയിന്റ് അതോറിട്ടി അദ്ധ്യക്ഷന്റെ സഞ്ചാരം. അതോറിട്ടിക്കു വേണ്ടി ലക്ഷങ്ങളാണ് ചെലവ്.
1.25 കോടി
സ്വർണക്കടത്തുക്കേസ്
കമ്മിഷൻ ചെലവിട്ടത്