നാലുവർഷം,​ ലഹരിമുക്തി തേടിയെത്തിയവർ 12,​536

Saturday 13 September 2025 12:21 AM IST
ലഹരിമുക്തി

കോഴിക്കോട്: ലഹരിയുടെ പിടിയിൽ നിന്നുള്ള മോചനത്തിനായി കഴിഞ്ഞ നാലു വർഷത്തിനിടെ ജില്ലയിൽ ചികിത്സ തേടിയത് 12,​536 പേ‌ർ. എക്സെെസിന്റെ ലഹരി മോചന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന് കീഴിലുള്ള ലഹരി വിമോചന കേന്ദ്രങ്ങളിലുമായി 2021 മുതൽ 2024 വരെ ചികിത്സ തേടിയവരാണ് ഇത്രയും പേർ. നടപ്പു വർഷത്തെ കണക്കുകളും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണവും പരിശോധിച്ചാൽ ഇനിയും ഉയരും. ഓരോ വർഷവും വിവിധ ലഹരികളിൽ നിന്ന് മുക്തി തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണുണ്ടായതെന്നാണ് കണക്കുകൾ പറയുന്നത്. ചികിത്സ തേടിയെത്തുന്നവരിൽ കൂടുതലും യുവാക്കളും കുട്ടികളുമാണ്.

കഞ്ചാവ്, രാസലഹരി, ഡിജിറ്റൽ അഡിക്ഷൻ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആസക്തിക്ക് പരിഹാരം തേടിയാണ് ഇവരെത്തുന്നത്. എന്നാൽ പുകയില, മദ്യപാനം എന്നിവയ്ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ കുറവാണ്. സ്ത്രീകളിൽ ലഹരി ഉപയോഗം കുറയുന്നതായാണ് കണക്കുകൾ. സംസ്ഥാനത്ത് 113198 പേർ ചികിത്സ തേടിയിട്ടുണ്ട്. 24 പേർ മരിച്ചു.

ചികിത്സിക്കാൻ ഇടമുണ്ട്

ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടവരെ ചികിത്സിക്കാൻ ആരോഗ്യവകുപ്പിന് കീഴിൽ താലൂക്ക് /ജി ല്ലാ /ജനറൽ ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായി 15 ലഹരി വിമോചനകേന്ദ്രങ്ങൾ നിലവിലുണ്ട്. ഇതിന് പുറമേ എക്‌സൈസ് വകുപ്പുമായി ചേർന്ന് വിമുക്തി പദ്ധതിയിയുടെ കീഴിൽ 14 ലഹരി വിമോചനകേ ന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നു. ഇവിടങ്ങളിൽ ഔഷധചികിത്സ, മനശാസ്ത്ര ചികിത്സ, സാമൂഹ്യ ചികിത്സ, ഗ്രൂപ്പ് തെറാ പ്പി എന്നിവയാണ് നൽകുന്നത്.

പെരുകുന്നു ലഹരി

കുറ്റകൃത്യങ്ങളും

ലഹരി ഉപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുന്നതും കൊലപെടുത്തുന്നതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും പെരുകുകയാണ്. കഴിഞ്ഞ 10 വർ‌ഷത്തിനിടെ 52 കൊലപാതകങ്ങളാണ് ലഹരി ഉപയോഗം മൂലമുണ്ടായത്. കഴിഞ്ഞ വർഷം 88 കുറ്റകൃത്യങ്ങളും ലഹരിയുപയോഗം കാരണമുണ്ടായി. 2021ൽ 16, 2022ൽ 28,​ 2023ൽ 37 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകൾ. കൊലപാതകം, വധശ്രമം, പോക്സോ അടക്കം കേസുകൾ ഇക്കൂട്ടത്തിലുണ്ട്.

 ലഹരി വിമുക്തിക്കായി ജില്ലയിൽ ചികിത്സ തേടിയവർ

വർഷം.......എണ്ണം

2021.............2590

2022.............3962

2023..............3108

2024..............2876

സംസ്ഥാനത്ത്

2021.............21481

2022.............30835

2023.............30946

2024.............29936