വനിതാ കമ്മീഷൻ സിറ്റിംഗ്; തീർപ്പാക്കിയത് 17 പരാതികൾ
മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ.മഹിളാമണിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 50 പരാതികൾ പരിഗണിച്ചു. 17 പരാതികൾ തീർപ്പാക്കി. 23 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു. രണ്ട് പരാതികൾ ജാഗ്രത സമിതിയുടെ റിപ്പോർട്ട് തേടി. എട്ട് കേസുകൾ പൊലീസ് റിപ്പോർട്ടിനായി നൽകി. വിവാഹശേഷം ദമ്പതികൾ തമ്മിൽ അകന്നു പോവുന്ന പ്രവണത കൂടി വരുന്നുണ്ടെന്നും വിവാഹത്തിന് മുമ്പും ശേഷവും കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും മഹിളാമണി പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പെൺകുട്ടികൾ അരക്ഷിതരാണ്. പല വലിയ സാമ്പത്തിക തട്ടിപ്പും സ്ഥാപന മേധാവികളെക്കാൾ ബാധിക്കുന്നത് അവിടെ ജോലി ചെയ്യുന്ന പെൺകുട്ടികളെയാണ്. ഈ വിഷയത്തിൽ സമഗ്രമായ പഠനം ആവശ്യമാണെന്നും അവർ പറഞ്ഞു. അദാലത്തിൽ അഡ്വ.സുകൃത, ഫാമിലി കൗൺസിലർ പി.പി.ഷൈനി, വനിതാ കമ്മീഷൻ സി.ഐ ജോസ് കുര്യൻ, വനിതാ സെൽ പൊലീസ് ഉദ്യോഗസ്ഥർ, കമ്മീഷൻ ഓഫീസ് ജീവനക്കാർ പങ്കെടുത്തു.