സൈബർ തട്ടിപ്പിൽ കുരുങ്ങി ജില്ല; ഈ വർഷം റിപ്പോർട്ട് ചെയ്തത് 104 കേസുകൾ

Friday 12 September 2025 11:27 PM IST

മലപ്പുറം: ജില്ലയിൽ ഈ വർഷം ആഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്തത് 104 കേസുകളാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2021ൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 59 സൈബർ കേസുകളായിരുന്നു. 2022ൽ കേസുകളുടെ എണ്ണം 14 ആയി കുറഞ്ഞു. 2023, 2024 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 185, 445 എന്നിങ്ങനെയായിരുന്നു. ആരോടും പങ്കുവയ്ക്കാൻ പാടില്ലാത്ത ഒ.ടി.പി, സി.വി.വി പോലുള്ള സെക്യൂരിറ്റി കോഡുകൾ കൈക്കലാക്കിയാണ് തട്ടിപ്പുകളേറെയും നടത്തുന്നത്. 14നും 24 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും സൈബർ കെണിയിലകപ്പെടുന്നത്. വാട്ട്സ്ആപ്പിൽ വീഡിയോ കോളിനിടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും അതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർത്തുകയും ചെയ്യുന്ന രീതിയിലുള്ള തട്ടിപ്പുകളും കണ്ടുവരുന്നുണ്ട്. ഷെയർ ട്രേഡിങ്ങിൽ സഹായിക്കാമെന്ന വ്യാജേനയും സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. ട്രേഡിംഗ് ആപ്പുകൾ എന്ന വ്യാജേന തട്ടിപ്പ് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ഇതിൽ അക്കൗണ്ട് തുറന്ന ശേഷം കച്ചവടം നടത്താൻ ആവശ്യപ്പെടുകയും ചെയ്യും. തുടക്കത്തിൽ ചെറിയ ലാഭം ലഭിക്കുങ്കെിലും വിശ്വസിച്ച് കൂടുതൽ പണം നിക്ഷേപിച്ചാൽ ആ പണം നഷ്ടമാകുമെന്നും മുന്നറിയിപ്പുണ്ട്.

സൈബർ തട്ടിപ്പിൽ അകപ്പെടാതിരിക്കാനായി രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ചെറിയ തുകകൾ നഷ്ടപ്പെടുന്നവർ ഏറെയുണ്ടെങ്കിലും ഇവർ പരാതിയുമായി മുന്നോട്ടുവരാറില്ല.

കേസുകളുടെ എണ്ണം

2021 - 59

2022- 14

2023 - 185

2024 - 445

2025-104

ബാങ്ക് അധികൃതർ ഒരിക്കലും അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ ചോദിക്കില്ല. വലിയ വരുമാനം നേടാമെന്ന തരത്തിൽ വരുന്ന സന്ദേശങ്ങൾ തട്ടിപ്പിലേക്കുള്ള വഴിയാണ്. ഒ.ടി.പി പോലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്.

സൈബർ വിംഗ് അധികൃതർ