കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ, അടിസ്ഥാന രേഖ 2002ലെ പട്ടിക
# അതിനുശേഷം പേരുചേർത്തവർക്ക് രേഖകൾ നിർബന്ധം
# പൂർത്തിയാക്കാൻ മൂന്നു മാസം
നിയമസഭാ തിരഞ്ഞെടുപ്പിന് ബാധകം
തിരുവനന്തപുരം: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും ബീഹാറിലേതുപോലെ തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം നടപ്പാക്കുന്നു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) എന്ന ഈ നടപടിയോടെ നിലവിലുള്ള വോട്ടർപട്ടിക പൂർണ്ണമായി റദ്ദാവും. നിലവിലെ ഇലക്ഷൻ ഐ.ഡി കാർഡുകൾ കൈവശംവയ്ക്കാം. പട്ടികയിൽ ഉൾപ്പെടുന്നതോടെ അതുതന്നെ തുടർന്നും ഉപയോഗിക്കാം.
2002ലാണ് ഇതിനു മുമ്പ് കേരളത്തിൽ എസ്.ഐ.ആർ നടത്തിയത്. അന്നത്തെ വോട്ടർ പട്ടികയാവും അടിസ്ഥാന രേഖ. അതിനുശേഷം നടന്ന നിയമസഭാ, ലോക് സഭാ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് വോട്ടർ പട്ടികയിൽ ഇടംപിടിച്ച എല്ലാവരും ആധാർ അടക്കമുള്ള പന്ത്രണ്ട് രേഖകളിൽ ഒന്ന് വീടുകളിൽ എത്തുന്ന ബി.എൽ.ഒമാരെ കാണിച്ച് ബോധ്യപ്പെടുത്തണം. 2002ലെ പട്ടികയിൽ പേരുള്ളവർക്കെല്ലാം അത് ഉറപ്പാക്കാൻ പ്രത്യേകഫോറം ഓൺലൈനായി അയച്ചുകൊടുക്കുകയോ, ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് കണ്ട് ഫോറം ഒപ്പിട്ട് വാങ്ങുകയോ ചെയ്യും. അവർ പുതിയ രേഖകൾ നൽകേണ്ടതില്ല.
പേര് ചേർക്കാൻ ഏതെങ്കിലും പൗരത്വരേഖ കാണിക്കേണ്ടിവരും. അന്യസംസ്ഥാന തൊഴിലാളികളുടെ രേഖകളുടെ ആവർത്തിച്ചുള്ള പരിശോധന നടത്തും. അവർക്ക് അവരുടെ നാട്ടിൽ വോട്ടവകാശം ഇല്ലെന്ന് ഉറപ്പാക്കും. മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
2002ലെ പട്ടികയിലെ
വോട്ടർമാർ
2,24,98941
നിലവിലെ പട്ടികയിലെ
വോട്ടർമാർ
2,78,24319
20ന് പാർട്ടികളുടെ യോഗം
15ന് 2002ലെ വോട്ടർപട്ടികയും നിലവിലെ വോട്ടർപട്ടികയുമായി ഡിജിറ്റൽ താരതമ്യം നടത്തും. റിപ്പോർട്ട് ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൈമാറും.
അവർ 19ന് മുമ്പ് ബൂത്തുകളിലെ 2002ലെ വോട്ടർപട്ടികയും നിലവിലെ പട്ടികയുമായി താരതമ്യം നടത്തും. 20ന് സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടികളുടെ യോഗം ഇലക്ഷൻകമ്മിഷൻ വിളിച്ചിട്ടുണ്ട്. മണ്ണാർക്കാട് നിയമസഭാമണ്ഡലത്തിലെ 32നമ്പർ ബൂത്തിലും 9നമ്പർ ബൂത്തിലും പരീക്ഷണാടിസ്ഥാനത്തിൽ എസ്.ഐ.ആർ.നടത്തി. 2002ലെ വോട്ടർപട്ടികയിലെ 80%പേരും അതിൽ ഉൾപ്പെട്ടു.
കരട് പട്ടികയിൽ ഇല്ലെങ്കിൽ
വീണ്ടും അപേക്ഷിക്കണം
*2002ലെ വോട്ടർമാർക്കെല്ലാം കൺഫർമേഷൻഫോറം അയയ്ക്കും
*2025ലെ വോട്ടർപട്ടികയിലുള്ളവർ രേഖകളും വിവരങ്ങളും കാണിക്കണം
*കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും
*അതിലില്ലാത്തവർ പേരുചേർക്കാൻ വീണ്ടും അപേക്ഷിക്കണം
പേര് ചേർക്കാനുള്ള രേഖകൾ
പാസ്പോർട്ട്,ജനനസർട്ടിഫിക്കറ്റ്,ദേശീയ പൗരത്വരജിസ്റ്റർ,താമസസർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്,എസ്.എസ്.എൽ.സി.ബുക്ക്,പെൻഷൻഉത്തരവ്,ഭൂമിയുടെ ഉടമസ്ഥാവകാശരേഖ,സർക്കാർ,പൊതുമേഖലാസ്ഥാപനത്തിലെ ജോലിരേഖ,തദ്ദേശസ്ഥാപനം നൽകുന്ന കുടുംബസർട്ടിഫിക്കറ്റ്,വനാവകാശരേഖ,ആധാർ
യോഗ്യതയുള്ള ഒരാളും പട്ടികയിൽ നിന്നു പുറത്താകില്ല
-ഡോ.രത്തൻ.യു.ഖേൽക്കർ,
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ