അടൂർ ജനറൽ ആശുപത്രിയിലെ ഒ.പി ടിക്കറ്റിന് നീണ്ട ക്യൂ പരാതി പറഞ്ഞിട്ടും പരിഹാരമില്ല

Saturday 13 September 2025 2:33 AM IST
ഒ പി കൗണ്ടറിനു മുന്നിൽ ഇന്നലെ രാവിലെ അനുഭവപ്പെട്ട തിരക്ക്

അടൂർ : അടൂർ താലൂക്ക് ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാൻ മണിക്കൂറുകൾ നീണ്ട ക്യൂ വേണ്ടി വന്നത് രോഗികളെ വലയ്ക്കുന്നു.

ഇന്നലെ രാവിലെയും നിരവധിപ്പേരാണ് കാത്തു നിന്ന് കുഴഞ്ഞത്. ഒ.പി കൗണ്ടറിൽ ഒരു സ്റ്റാഫിനെ മാത്രം ഏർപ്പെടുത്തിയാണ് അധികൃതർ ടിക്കറ്റ് വിതരണം ചെയ്യുന്നതെന്നാണ് രോഗികളുടെ പരാതി.

മാസങ്ങൾക്ക് മുൻപ് ഒ.പി ടിക്കറ്റ് കൗണ്ടറിലെ അനിയന്ത്രിതമായ ക്യൂ പരിഹരിക്കാൻ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിൽ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ടുമായുള്ള ചർച്ചയിൽ പരിഹാരം കാണുമെന്ന് ഉറപ്പും നൽകിയതാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഒ.പി കൗണ്ടർ കാര്യക്ഷമമാക്കാൻ ആശുപത്രി അധികൃതർക്ക് സാധിച്ചിട്ടില്ല . ഇതുമൂലം ദുരിതം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. നീണ്ട ഒ.പി ക്യൂവിൽപ്പെട്ടു പോകുന്ന രോഗികൾ രാവിലെ എട്ടിന് വന്നാൽ പോലും ഉച്ച കഴിഞ്ഞു മാത്രം തിരികെ മടങ്ങാൻ കഴിയുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. ഒ.പി കൗണ്ടറിൽ അഞ്ച് ജീവനക്കാരെ നിയമിച്ചാൽ ഈ ദുരിതം അവസാനിപ്പിക്കാൻ കഴിയുമെന്ന നിർദേശം മുന്നോട്ട് വന്നിട്ട് നാളുകളേറെയായി. എന്നാൽ ഇപ്പോഴും ഒന്നോ രണ്ടോ പേർ മാത്രമാണ് ഒ.പി കൗണ്ടറിൽ ജോലി ചെയ്യുന്നതെന്നത്. രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു തുടരുമ്പോഴും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ജീവനക്കാരുടെയും അലംഭാവം തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്.