നാലു വർഷ ബിരുദം: പരീക്ഷാഫലം ഡിസംബർ പകുതിയോടെ
തൃശൂർ: കഴിഞ്ഞവർഷം ആരംഭിച്ച നാലുവർഷ ബിരുദത്തിന്റെ ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകൾ അക്കാഡമിക് കലണ്ടർ അനുസരിച്ച് നവംബർ മൂന്ന് മുതൽ 18 വരെ നടത്താനും ഡിസംബർ 15നകം പരീക്ഷാഫലം പ്രഖ്യാപിക്കാനും അവലോകനയോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാക്കാൻ ഇന്റേൺഷിപ്പ് കേരള പോർട്ടൽ ഉടൻ പ്രവർത്തനസജ്ജമാകും. പ്രധാന വിഷയങ്ങൾ മാറിയ വിദ്യാർത്ഥികൾക്കും മറ്റു സർവകലാശാലകളിൽ നിന്ന് വന്നവർക്കും ആക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം തിരഞ്ഞെടുത്തവർക്കും വേണ്ട അധിക ക്രെഡിറ്റുകൾ ലഭ്യമാക്കും. ചോദ്യബാങ്ക് തയ്യാറാക്കാൻ എ.ഐ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. കൃത്യമായ പരിശോധനയോടെ സർവകലാശാലകൾ ഇതിന് സംവിധാനമൊരുക്കും. സിലബസുമായി ബന്ധപ്പെട്ടും അദ്ധ്യാപക പരിശീലനം സംബന്ധിച്ചും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും സർവകലാശാലകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പദ്ധതി തീരുമാനിച്ചിരുന്നത് സമയബന്ധിതമായി നടപ്പാക്കും.
ഡിസംബറിനകം സർവകലാശാലകൾക്ക് കീഴിലുള്ള മുഴുവൻ കോളേജിലെയും അദ്ധ്യാപകർക്ക് കരിക്കുലത്തിലെ മാറ്റങ്ങളെ സംബന്ധിച്ചും എ.ഐ അടക്കമുള്ള പഠനരീതികൾ സംബന്ധിച്ചും പരിശീലനം നൽകാൻ നടപടി സ്വീകരിക്കും. മേജർ മൈനർ തിരഞ്ഞെടുക്കുന്ന കാര്യത്തിലും മറ്റും സർവകലാശാല റെഗുലേഷനിൽ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുള്ള വ്യവസ്ഥകൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പോർട്ടൽ നടപ്പാക്കും.
സംസ്ഥാനതലത്തിലെപോലെ സർവകലാശാലാ തലത്തിലും എല്ലാ മാസവും അവലോകനം നടത്തും. നാലുവർഷ ബിരുദ പ്രോഗ്രാമിൽ ഗ്രേസ് മാർക്കും ക്രെഡിറ്റും അനുവദിക്കാനുള്ള മാനദണ്ഡം തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ആർ.പ്രസാദ്, കുസാറ്റ് വൈസ് ചാൻസലർ ഡോ.എം.ജുനൈദ് ബുഷിരി, ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.ജഗതിരാജ്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ് എന്നിവർ പങ്കെടുത്തു.