അനുരാഗിനെ കാത്ത് ജാതിക്കോമരങ്ങൾ

Saturday 13 September 2025 12:00 AM IST

കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനാകാൻ വഴിതെളിയുമ്പോഴും ജാതിവിവേചനത്തിന്റെ കാണാച്ചരടുകൾ അദ്ദേഹത്തെ കാത്തിരിപ്പുണ്ട്. ക്ഷേത്രത്തിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ആദ്യനിയമനം ലഭിച്ച ഒന്നാം റാങ്കുകാരൻ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ. ബാലു ജാതിഭ്രാന്തിന്റെ രൂക്ഷതയാൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ചേർത്തല കളവംകോടം സ്വദേശി അനുരാഗിന് ഈ ജോലി അനിവാര്യമാണ്. നിർദ്ധനകുടുംബത്തിന്റെ ഏകപ്രതീക്ഷയാണ് ബി.കോം ബിരുദധാരിയായ ഈ 23കാരൻ.

ബാലു ഒഴി​വായതോടെ അമ്പലവാസി​കൾ ആരെങ്കി​ലും എത്തുമെന്ന പാരമ്പര്യവാദി​കളുടെ പ്രതീക്ഷ രണ്ടാം ഊഴവും ഈഴവ സംവരണമായതി​നാൽ പാളുകയായി​രുന്നു. അഡ്വൈസ് മെമ്മോ വന്നെങ്കി​ലും നി​യമന ഉത്തരവ് വച്ചുതാമസി​പ്പി​ച്ച് നി​യമനത്തി​ന് സ്റ്റേ ലഭി​ക്കാൻ കൂടൽമാണി​ക്യം ദേവസ്വം ഉന്നതർ അവസരമൊരുക്കി​. ഇനി​യും ഇത്തരം തന്ത്രങ്ങളും കേസുകളും ഉണ്ടായേക്കും.

ഭരതപ്രതിഷ്ഠയുള്ള കൂടൽമാണിക്യം ജാതിവിവേചനങ്ങൾക്ക് കുപ്രസിദ്ധമാണ്. ഫെബ്രുവരി​ 24ന് കഴകം ജോലിക്ക് അമ്പലവാസിയല്ലാത്ത ബി​.എ. ബാലു നിയോഗിക്കപ്പെട്ടതോടെ ആറ് തന്ത്രിമാരും ബഹിഷ്കരണ സമരം നടത്തിയത് 'കേരളകൗമുദി'യാണ് പുറത്തുകൊണ്ടുവന്നത്.

``ഹൈക്കോടതി​ ഉത്തരവി​ൽ അതി​യായ സന്തോഷമുണ്ട്. ഒപ്പം നി​ന്നവർക്ക് നന്ദി​. ഉടൻ നി​യമന ഉത്തരവ് ലഭി​ക്കുമെന്നാണ് പ്രതീക്ഷ.``

-കെ.എസ്.അനുരാഗ്