സെർച്ച് കമ്മിറ്റി ഉത്തരവിൽ ആശങ്ക: ചീഫ് ജസ്റ്റിസിന് കത്തയച്ച് അക്കാഡമിക് വിദഗ്ദ്ധർ
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനത്തിന് യു.ജി.സി പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിൽ ആശങ്കയറിയിച്ച് മുൻ വി.സിമാരും അക്കാഡമിക് വിദഗ്ദ്ധരും സുപ്രീംകോടതി ചീഫ്ജസ്റ്റിസിന് കത്തയച്ചു. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾക്കും സർവകലാശാലാ ചട്ടങ്ങൾക്കും വിരുദ്ധമാണിതെന്ന് കത്തിലുണ്ട്. സുപ്രീംകോടതി നിയോഗിച്ച റിട്ട. ജഡ്ജിയാണ് സെർച്ച് കമ്മിറ്റി അദ്ധ്യക്ഷൻ. ചാൻസലറുടെയും സർക്കാരിന്റെയും 2വീതം പ്രതിനിധികളാണ് സമിതിയിലുള്ളത്. സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി നിർബന്ധമാണെന്ന് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുണ്ട്. വി.സി നിയമനത്തിൽ മുഖ്യമന്ത്രിക്ക് അമിതാധികാരം നൽകുന്നത് യു.ജി.സിചട്ടങ്ങൾക്കും സംസ്ഥാന നിയമങ്ങൾക്കും വിരുദ്ധമാണ്. രാഷ്ട്രീയ ഇടപെടലുകൾ കാരണം സർവകലാശാലകളിൽ പകുതിയിലേറെ സീറ്റുകൾ കാലിയാണ്. വൻതോതിൽ വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലും വിദേശത്തേക്കും പോവുന്നു. രാഷ്ട്രീയക്കാരുടെ ബന്ധുക്കൾക്ക് ഡോക്ടറേറ്റുകളും നിയമനങ്ങളും ലഭിക്കുന്നെന്ന ആരോപണവുമുണ്ട്. അക്കാഡമിക് കാര്യങ്ങളിലെ കോടതി ഉത്തരവുകൾ അക്കാഡമിക് മാനദണ്ഡങ്ങളുമായി യോജിച്ച് പോവുന്നതിന് ചീഫ്ജസ്റ്റിസിന്റെ ഇടപെടൽ അനിവാര്യമാണെന്നും കത്തിലുണ്ട്. സുപ്രീംകോടതിയുടെ ഈ ഉത്തരവിനെതിരേ ഗവർണർ വ്യക്തതാ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻനായർ, കേന്ദ്ര സർവകലാശാലാ മുൻ വി.സി ജി.ഗോപകുമാർ, പി.എസ്.സി മുൻ ചെയർമാനും സംസ്കൃത സർവകലാശാലാ വി.സിയുമായ കെ.എസ്. രാധാകൃഷ്ണൻ, കേരള യൂണി. മുൻ വി.സിമാരായ എ.ജയകൃഷ്ണൻ, പി.കെ.രാധാകൃഷ്ണൻ, ആരോഗ്യ യൂണി. മുൻ വി.സി എം.കെ.സി നായർ, മുൻ വി.സിമാരായ എം.അബ്ദുൾ സലാം, എസ്.ബിജോയ്, കേന്ദ്രസർവകലാശാലാ മുൻ പി.വി.സി കെ.ജയപ്രസാദ്, യു.ജി.സി മുൻ അംഗം ജി.കരുണാകരൻ പിള്ള, നാക്കിന്റെ കൺസൾട്ടന്റായിരുന്ന കെ.എൻ. മധുസൂദനൻ പിള്ള അടക്കം 16 അക്കാഡമിക് വിദഗ്ദ്ധരാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.