വിജിൽ തിരോധാനക്കേസ്: 53 അസ്ഥികൾ കൂടി കണ്ടെത്തി
കോഴിക്കോട്: ചുങ്കം സ്വദേശി വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ഇന്നലെ സരോവരത്തെ ചതുപ്പിൽ നടത്തിയ തെരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥികളും, പാന്റ്സും, ബെൽറ്റും മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കയറും ഉൾപ്പെടെ പൊലീസ് കണ്ടെത്തി. എട്ടാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ചതുപ്പിന്റെ രണ്ടര മീറ്റർ താഴ്ചയിൽ നിന്നും മൃതദേഹത്തിന്റെ തലയോട്ടി ഒഴികെയുള്ള 53 അസ്ഥികൾ കണ്ടെടുത്തത്. വിജിലിന്റേതെന്ന് കരുതുന്ന പാന്റ്സിൽ നിന്നും തൂവാലയും ലഭിച്ചിട്ടുണ്ട്.
ആദ്യ ഘട്ട തെരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് രണ്ടാം ഘട്ട അന്വേക്ഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതും പരിശോധന പുനരാരംഭിച്ചതും. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി കോടതിയിലേക്ക് അയയ്ക്കും. വിജിലിന്റെ ശരീരാവശിഷ്ടങ്ങൾ തന്നയാണോയെന്ന് തിരിച്ചറിയുന്നതിനായി ഡി.എൻ.എ പരിശോധന നടത്തുമെന്നും ഇതിനായി വരും ദിവസങ്ങളിൽ വിജിലിന്റെ രക്ഷിതാക്കളുടെ രക്തസാമ്പിളുകൾ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് പറഞ്ഞു. അറസ്റ്റിലായ വാഴാത്തി സലരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ,വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷിനേയും സംഭവസ്ഥലത്ത് എത്തിച്ചാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ലെതർ ഷൂവും, ആറു വർഷം മുമ്പ് പ്രതികൾ ഒളിപ്പിച്ച വിജിലിന്റെ ബൈക്കും കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ വൈകിട്ട് അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വിട്ടു നൽകാൻ പോലീസ് അപേക്ഷ നൽകും. അതേസമയം രണ്ടാം പ്രതി രഞ്ജിത്തിനായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്
2019 മാർച്ച് 24നാണ് വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപടിക്കൽ വിജയന്റെ മകൻ വിജിലിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ എലത്തൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം ഏപ്രിലിൽ വീണ്ടും കേസന്വേഷിച്ചതോടെയാണ് ബ്രൗൺഷുഗർ ഉപയോഗത്തിനിടെ വിജിൽ മരിച്ചതായും മൃതദേഹം ചതുപ്പിൽ താഴ്ത്തിയതായും പ്രതികൾ മൊഴി നൽകിയത്.