സി.പി.എമ്മിനെ വെട്ടിലാക്കി ശബ്ദസന്ദേശം: എം.കെ.കണ്ണന് കോടാനുകോടി സ്വത്ത്, എ.സി. മൊയ്തീൻ സമ്പന്നരുടെ ഡീലർ

Saturday 13 September 2025 12:00 AM IST

തൃശൂർ: സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെ കുറിച്ചുള്ള ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദസന്ദേശം പുറത്തുവന്നത് പാർട്ടിയെ വെട്ടിലാക്കി. അഞ്ച് വർഷം മുൻപ് പാർട്ടിയിലെ സുഹൃത്തുക്കളോട് നേരിട്ട് നടത്തിയ സംഭാഷണം കൂട്ടത്തിലാെരാൾ റെക്കോഡ് ചെയ്തതാണ് ഇപ്പോൾ പുറത്തുവന്നത്. അത് തന്റെ സംസാരമാണെന്ന് ശരത് പ്രസാദ് തുറന്നു പറഞ്ഞതോടെ പാർട്ടിയുടെ മുഖം വിളറി. നേതൃത്വം കണ്ണുരുട്ടിയതോടെ അതു നിഷേധിച്ചു

വിവാദ പരാമർശങ്ങൾ ഇപ്രകാരമാണ്:

#നേതാക്കൾ ഒരുഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുന്നു. സ്വരാജ് റൗണ്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയ എം.കെ.കണ്ണന് ഇപ്പോൾ കേടാനുകോടിയുടെ സ്വത്തുണ്ട് .

#എ.സി.മൊയ്തീൻ വേറെ ലെവലാണ്. ഉന്നതരായ സമ്പന്നരുമായാണ് ഡീലിംഗ് നടത്തുന്നത്. കോർപറേഷൻ കൗൺസിലർമാരായ അനൂപ് ഡേവിസ് കാടയും വർഗീസ് കണ്ടംകുളത്തിയും വലിയ ഡീലാണ് നടത്തുന്നത്. #പ്രതിമാസം ഏരിയാ സെക്രട്ടറിക്ക് 10000 സമ്പാദിക്കാനായാൽ ജില്ലാ കമ്മിറ്റിയംഗം 75000 സമ്പാദിക്കും. സംസ്ഥാന കമ്മിറ്റി അംഗത്തിന് അത് ഒരു ലക്ഷം വരെയാണ്.

ശരത് പ്രസാദ് കൂടി ഉൾപ്പെട്ട മണ്ണുത്തി സി.പി.എം ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ സംഘങ്ങളിൽ കോടികളുടെ അഴിമതി നടത്തിയെന്ന് വെളിപ്പെടുത്തിയ

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനെ കഴിഞ്ഞ സമ്മേളനത്തോടെ ഏരിയാ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതാണ് സംഭാഷണം പുറത്തുവരാൻ ഇടയാക്കിയത്.

നിബിനെ പുറത്താക്കിയതിനു

പിന്നിൽ പ്രവർത്തിച്ചത് ശരത്താണെന്ന ആരാേപണം നിലനിൽക്കേയാണ് സംഭാഷണം പുറത്തുവന്നത്. അതു ശരത് തന്നോട് പറഞ്ഞ കാര്യങ്ങളാണെന്ന് നിബിൻ ശ്രീനിവാസൻ വെളിപ്പെടുത്തി.

വിശദീകരണം ചോദിച്ചു,

നേതാക്കൾ ഗുരുതുല്യരായി

അഞ്ച് വർഷം മുമ്പത്തെ സൗഹൃദ സംഭാഷണമാണ് പുറത്തുവന്നതെന്നായിരുന്നു ശരത് പ്രസാദ് ആദ്യം പറഞ്ഞത്. പാർട്ടി വിശദീകരണം ചോദിച്ചതോടെ ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണമെന്നായി. പാർട്ടി നേതാക്കളെ കുറിച്ച് അത്തരത്തിലൊരു അഭിപ്രായമില്ല. നേതാക്കൾ ഗുരുതുല്യരാണെന്ന് ശരത് ഫേസ്ബുക്കിൽ കുറിച്ചു.

``നേതാക്കൾക്കെതിരെ പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ട്.വസ്തുതയുമായി പൊരുത്തപ്പെടുന്ന ഒന്നും അതിലില്ല. നേതാക്കളുടെ പ്രവർത്തനം സുതാര്യമാണ്.``

-കെ.വി.അബ്ദുൾ ഖാദർ

സി.പി.എം ജില്ലാ സെക്രട്ടറി