അയ്യപ്പ സംഗമത്തെക്കുറിച്ച് മന്ത്രി വാസവൻ, ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കും

Saturday 13 September 2025 12:00 AM IST

രജിസ്റ്റർ ചെയ്തത് 4000 പേർ 3000 പേരെ തിരഞ്ഞെടുക്കും

കോട്ടയം: 'തത്വമസി 'എന്ന വിശ്വ മാനവിക സന്ദേശത്തിന്റെ കേന്ദ്രമായ ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് പമ്പയിൽ 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് പറഞ്ഞു. ശബരിമല വിമാനത്താവളം, ശബരി റെയിൽ എന്നിവ യാഥാർത്ഥ്യമാകുന്നതോടെ തീർത്ഥാടകരുടെ എണ്ണം കൂടുന്നതനുസരിച്ച് പശ്ചാത്തല സൗകര്യം വർദ്ധിപ്പിക്കണം. ആഗോള ടൂറിസ്റ്റു കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാൻ വേണം. ഈ വിഷയങ്ങളാണ് സംഗമത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.

35 വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ കൂടാതെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭക്തരുമുണ്ടാകും. ഇതിനകം 4000പേർ രജിസ്റ്റർ ചെയ്തു. അതിൽനിന്ന് 3000 പ്രതിനിധികളെ തിരഞ്ഞെടുക്കണം. കൂടുതൽ തവണ ശബരിമല ദർശനം നടത്തിയവർക്കാണ് മുൻഗണന. ലോകകേരള സഭ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, അമ്പലപ്പുഴ-ആലങ്ങാട്ടു സംഘം, എസ്.എൻ.ഡി.പി, എൻ.എസ്.എസ്, കെ.പി.എം.എസ്, മലഅരയ സഭ, വിശ്വകർമ്മജർ, നവോത്ഥാന സമിതി തുടങ്ങിയവയുടെ പ്രതിനിധികൾ ഉണ്ടാകും.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സകല പിന്തുണയും അറിയിച്ചു. യാത്രചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് അദ്ദേഹം പകരം പ്രതിനിധിയെ അയയ്ക്കുന്നത്. 3000 പേർക്കിരിക്കാവുന്ന ജർമ്മൻ പന്തലിന്റെ നിർമ്മാണം തുടങ്ങി. ഭക്ഷണചുമതല പഴയിടം നമ്പൂതിരിക്കാണ്.

പ്രതിപക്ഷത്ത്

ആശയക്കുഴപ്പം

അയ്യപ്പസംഗമത്തെ എങ്ങനെയും തകർക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഹൈക്കോടതിയെ സമീപിച്ചവരും അനുകൂല നിലപാട് പ്രതീക്ഷിച്ചില്ല. സംഗമത്തിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി പ്രതിപക്ഷത്ത് ആശയക്കുഴപ്പമാണ്. കോൺഗ്രസിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മറ്റു നേതാക്കളും തമ്മിൽ അഭിപ്രായവ്യത്യാസമായതിനാലാണ് സംഗമം ബഹിഷ്കരിക്കണമെന്നുള്ള തീരുമാനം പ്രഖ്യാപിക്കാതിരുന്നത്. ബി.ജെ.പിയിലും ആശയക്കുഴപ്പമുണ്ടെന്നതിന്റെ തെളിവാണ് രാഷ്ടീയമായി ക്ഷണിക്കണമെന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പ്രതിപക്ഷമുണ്ടാക്കിയ വിവാദം സംഗമം ജനങ്ങൾ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാക്കി. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള പിന്തുണ ഇനിയുമുണ്ടാകും.

ഉപാധികൾ പാലിക്കും

ഹൈക്കോടതി മുന്നോട്ടുവച്ച ഉപാധികൾ പാലിച്ചായിരിക്കും അയ്യപ്പസംഗമം നടത്തുകയെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് മന്ത്രിമാരായ ശേഖർബാബു, പഴനിവേൽ എന്നിവരടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും വിജയ്‌ യേശുദാസ്,വീരമണി,ശിവമണി തുടങ്ങിയ കലാകാരന്മാരും പങ്കെടുക്കും.