മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കാൻ ഹർജി നൽകും
Saturday 13 September 2025 12:00 AM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളി തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ.അജിത്‌കുമാർ നൽകിയ ഹർജി ഹൈക്കോടതി18 ന് പരിഗണിക്കാൻ മാറ്റി. വിജിലൻസ് കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കാനായി ഹർജി ഫയൽ ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണിത്. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിജിലൻസ് കോടതി ഉത്തരവിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ പരാതിയിലാണ് വിജിലൻസ് കോടതി തുടർ നടപടിക്ക് നിർദ്ദേശിച്ചത്.