മുങ്ങിയ കപ്പലിൽ രക്ഷാദൗത്യം മുടന്തുന്നു
കൊച്ചി: കേരളതീരത്ത് രാസവസ്‌തുക്കളുമായി മുങ്ങിയ എൽസ-3 കപ്പലിനെ ഉടമകൾ ഉപേക്ഷിക്കുന്നതായി സൂചന. അപകടമുണ്ടായി മൂന്നുമാസം കഴിഞ്ഞെങ്കിലും കണ്ടെയ്‌നറുകൾ വീണ്ടെടുക്കാനോ കപ്പലുയർത്താനോ ശാസ്ത്രീയ നടപടികൾ സ്വീകരിച്ചിട്ടില്ല. 132 കോടി രൂപ നഷ്‌ടപരിഹാരം നൽകാനേ തങ്ങൾക്ക് ബാദ്ധ്യതയുള്ളൂവെന്ന കപ്പലുടമകളായ എം.എസ്.സിയുടെ നിലപാട് ഉപേക്ഷിക്കലിന്റെ സൂചനയാണെന്ന് വിവരം.
കഴിഞ്ഞ ജൂൺ 25ന് മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകൾ ഉൾപ്പെടെയുള്ളവ ആലപ്പുഴ,കൊല്ലം തീരങ്ങളിൽ അടിഞ്ഞിരുന്നു. ജൂലായ് മൂന്നിനകം കപ്പലിലെ വസ്‌തുക്കൾ നീക്കണമെന്ന ഷിപ്പിംഗ് ഡയറക്‌ടർ ജനറലിന്റെ ഉത്തരവും നടപ്പായില്ല. തുലാവർഷം ആരംഭിക്കാൻ ഒരുമാസമേ ബാക്കിയുള്ളൂ. കടൽക്ഷോഭം ശക്തമാകുമെന്നതിനാൽ രക്ഷാദൗത്യം പൂർത്തിയാക്കാനാവില്ല. കപ്പലിന് സ്ഥാനമാറ്റമുണ്ടാവുകയോ അവശിഷ്‌ടങ്ങൾ പുറത്തുവരികയോ ചെയ്‌താൽ മത്സ്യബന്ധനത്തിനും കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കപ്പൽ മുങ്ങിയതുമൂലം 9,531 കോടി രൂപയുടെ നഷ്‌ടം പരിസ്ഥിതി,മത്സ്യബന്ധന,വാണിജ്യമേഖലകളിൽ സംഭവിച്ചെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. കപ്പലിന്റെ വോയേജ് ഡാറ്റ റെക്കാർഡർ,ലോഗ് ബുക്ക്,വോയേജ് ചാർട്ട് തുടങ്ങിയവ കോടതിയിൽ സമർപ്പിക്കാത്തത് ദുരൂഹമാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു. ആഗോള ചരക്കുനീക്ക ബിസിനസിലെ വമ്പന്മാരാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി എന്ന എം.എസ്.സി. ഇന്ത്യൻ തുറമുഖങ്ങളിൽ പങ്കാളിത്തമുള്ള കമ്പനിയെ പിണക്കാൻ സർക്കാരും തയ്യാറല്ലെന്നാണ് സൂചന.
രക്ഷാദൗത്യം നീളെ നീളെ...
കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും നീക്കാൻ നിയോഗിച്ച
ടി ആൻഡ് ടി കമ്പനി ജൂൺ 12ന് പ്രവർത്തനം അവസാനിപ്പിച്ചു
രക്ഷാദൗത്യം ഏറ്റെടുത്ത സ്മിത്ത് സാൽവേജ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല
ടാങ്കിലെ ഇന്ധനശേഖരം,രാസവസ്‌തുക്കളുണ്ടെന്ന് കരുതുന്ന
10 കണ്ടെയ്‌നറുകൾ എന്നിവ കപ്പലിൽ തുടരുന്നു
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്വത്തോടെ ഇടപെട്ടിട്ടില്ല. കപ്പൽ
കമ്പനിയെ സഹായിക്കാനായി അനുനയത്തിനുള്ള സർക്കാർ ശ്രമവും ഉചിതമല്ല.
ചാൾസ് ജോർജ്,സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി