ക്രൈസ്തവ മാനേജ്മെന്റിനോടുള്ള സർക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധം:മാർ ജോസഫ് പാംബ്ലാനി

Saturday 13 September 2025 12:05 AM IST

കണ്ണൂർ: ക്രൈസ്തവ മാനേജ്മെന്റിനോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് തലശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംബ്ലാനി.കണ്ണൂരിൽ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ‌ർക്കാർ മതേതരത്വത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് സംശയമാണ്. ജോലി ചെയ്ത ക്രൈസ്തവ അദ്ധ്യാപകർക്ക് മാത്രം ശമ്പളം നൽകുന്നില്ല.അത് ജനാധിപത്യ വിരുദ്ധമാണ്. സർക്കാരിന് മറ്റെല്ലാ കാര്യങ്ങൾക്കും പണം ആവശ്യത്തിനുണ്ട്. മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്നും പാംബ്ലാനി പറഞ്ഞു.

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാളും ജനങ്ങൾക്ക് വിശ്വാസം എയ്ഡഡ് സ്ഥാപനങ്ങളെയാണ്.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇടതു സർക്കാർ മാഫിയ ഗണത്തിൽ പെടുത്തുകയാണ്. സർക്കാർ നെറികേടാണ് കാണിക്കുന്നത്.കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയിൽ ക്രൈസ്തവ മാനേജ്‌മെന്റിന്റെ പങ്ക് നിഷേധിക്കാൻ ഏത് രാഷ്ട്രീയ നേതാവിനാണ് സാധിക്കുക? അടിസ്ഥാന വർഗ്ഗങ്ങളെ മറക്കുന്ന സർക്കാരാണിതെന്ന് ഭരണപക്ഷത്തെ പാർട്ടിക്ക് തന്നെ പറയേണ്ടി വന്നിരിക്കുകയാണ്.സർക്കാർ നടത്താൻ ഉദ്ദേശിക്കുന്ന ന്യൂനപക്ഷ സെമിനാർ ആത്മാർത്ഥത ഇല്ലാത്തതാണ്. പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നീതിപൂർവ്വകമായ തീരുമാനങ്ങൾ എടുക്കുന്നില്ല. എന്താണ് സംഗമത്തെക്കുറിച്ച് ഉദ്ദേശിക്കുന്നത് എന്ന് അറിയാത്തിടത്തോളം അഭിപ്രായം പറയേണ്ടതില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു.