പാകിസ്ഥാന് വിജയത്തുടക്കം

Saturday 13 September 2025 12:10 AM IST

ദുബായ് : ഏഷ്യാകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒമാനെ 93 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 160 റൺസടിച്ച ശേഷം ഒമാനെ വെറും 67 റൺസിൽ ആൾഔട്ടാക്കുകയായിരുന്നു.

അർദ്ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഹാരിസ് മാത്രമാണ് പാക് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. 43 പന്തുകളിൽ ഏഴുഫോറുകളും മൂന്ന് സിക്സുകളുമടക്കം 66 റൺസാണ് ഹാരിസ് നേടിയത്.

ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ പാകിസ്ഥാന് ഓപ്പണർ സലിം അയുബിനെ (0) നഷ്ടമായിരുന്നു. തുടർന്ന് കളത്തിലിറങ്ങിയ ഹാരിസ് പിടിച്ചുനിന്നു. ഓപ്പണർ സഹിബ്സദ ഫർഹാനും (29) ഫഖർ സമാനും (23*) മുഹമ്മദ് നവാസും (19) പിന്തുണ നൽകി.

രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ സലിം അയൂബും സുഫിയാൻ മുഖീമും ഫഹീം അഷ്റഫും ചേർന്നാണ് ഒമാനെ എറിഞ്ഞിട്ടത്.

നാളെ ഇന്ത്യയുമായാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.

ഇന്നത്തെ മത്സരം

ബംഗ്ളാദേശ് Vs ശ്രീലങ്ക

8 pm മുതൽ