അങ്കണവാടിമുറ്റത്തൊരു 'ഭാർഗവീ നിലയം'!
കൊല്ലം: കൊച്ചുകുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന അങ്കണവാടി മുറ്റത്ത് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ ആരോഗ്യ വകുപ്പ് കെട്ടിടം. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കുറുമ്പാലൂർ വാർഡിൽ പനന്തോട്ടം 42ാം നമ്പർ അങ്കണവാടിയുടെ പ്രവർത്തനമാണ് ഭീതിയുടെ മുൾമുനയിലുള്ളത്. കുഞ്ഞുങ്ങൾ ക്ളാസ് മുറിയിൽ നിന്നും മിക്കപ്പോഴും പുറത്തേക്കിറങ്ങാറുണ്ട്. കണ്ണൊന്ന് തെറ്റി പഴഞ്ചൻ കെട്ടിടത്തിനടുത്തെത്തിയാൽ അപകട സാദ്ധ്യത ഏറെയുമാണ്.
- ആനക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വല്ലം കുടുംബക്ഷേമ ഉപകേന്ദ്രമാണ് കുറുമ്പാലൂരിൽ പ്രവർത്തിക്കുന്നത്.
- പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടം സജീവമായിരുന്നു.
- എന്നാൽ കാലപ്പഴക്കത്താൽ കെട്ടിടം തീർത്തും ജീർണാവസ്ഥയിലായി.
- ഇപ്പോൾ തീർത്തും ഉപയോഗ ശൂന്യമായതോടെ ഇഴജന്തുക്കളും കാട്ടുജീവികളും കെട്ടിടത്തിനുള്ളിൽ താമസമാക്കിയിട്ടുമുണ്ട്.
- ഇതേ വളപ്പിൽ അങ്കണവാടി സ്ഥാപിച്ചിട്ട് അധിക വർഷമായിട്ടില്ല.
- എന്നാൽ അന്നുമുതലേ പഴയ കെട്ടിടം പൊളിച്ച് നീക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
- ആരോഗ്യ കേന്ദ്രത്തിനായി മൂന്നര പതിറ്റാണ്ട് മുൻപ് ഭൂമി വിട്ടുനൽകിയ കുടുംബത്തിന്റെ വകയാണ് പിന്നിലുള്ള ഭൂമി. ഇതിലേക്ക് കടക്കാനും വഴിയില്ലാത്ത അവസ്ഥയാണ്.
കെട്ടിടം അൺഫിറ്റ്
കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചതാണെന്ന് മുൻപുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതാണ്. ഇപ്പോൾ അസി.എൻജിനീയർ വീണ്ടും പരിശോധന നടത്തി 'അൺഫിറ്റ്' ആണെന്ന് പഞ്ചായത്ത് ഭരണസമിതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭിത്തികൾ ഇടിഞ്ഞും, ഓടുകൾ പൊട്ടിയടർന്നും നാശത്തിലാണ് കെട്ടിടം. ഇനിയും കെട്ടിടം പൊളിച്ച് നീക്കാൻ കാലതാമസമുണ്ടായാൽ അത് വലിയ വിപത്തിലേക്ക് നീങ്ങും.