തേവലക്കരയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

Saturday 13 September 2025 12:47 AM IST

ച​വ​റ: തേ​വ​ല​ക്ക​ര​യിൽ പലചരക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ത്തിൽ വൻ തീ​പി​ടി​ത്തം. പ​ടി​ഞ്ഞാ​റ്റേ​ക്ക​ര ആ​ല​യിൽ ഇ​റ​ക്ക​ത്ത് പ്ര​വർ​ത്തി​ക്കു​ന്ന പ​ടി​ഞ്ഞാ​റ്റേ​ക്ക​ര ക​ല്ല​യ്യ​ത്ത് വീ​ട്ടിൽ ഷ​മീ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷ​മീർ സ്റ്റോ​ഴ്‌​സി​നാ​ണ് തീ പി​ടി​ച്ച​ത്. മു​ഴു​വൻ സാ​ധ​ന സാ​മ​ഗ്രി​ക​ളും ക​ത്തിന​ശി​ച്ചു. വെ​ള്ളി​യാ​ഴ്​ച രാ​വി​ലെ പ​തി​നൊ​ന്നേ​മു​ക്കാ​ലോ​ടെ​യാ​ണ് അപകടം.

ഷ​മീർ ക​ട അ​ട​ച്ച് പു​റ​ത്തേ​ക്ക് പോ​യി കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വി​വ​രം ഫ​യർ ഫോ​ഴ്‌​സി​ൽ അറിയിച്ചു. ച​വ​റ​യിൽ നി​ന്ന് മൂന്ന് യൂ​ണി​റ്റും ക​രു​നാ​ഗ​പ്പ​ള്ളി​യിൽ നി​ന്ന് ഒരു യൂ​ണിറ്റും എ​ത്തിയാണ് തീ​കെ​ടു​ത്തി​യ​ത്. ക​ട​യോ​ട് ചേർ​ന്നുള്ള വീ​ട്ടി​ലേ​ക്ക് തീ പടരാതിരുന്നത് കൂടുതൽ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ഏ​ക​ദേ​ശം15 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോർ​ട്ട് സർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വൻ ദു​ര​ന്തം ഒ​ഴി​വാ​യി മെ​യിൻ റോ​ഡി​നോ​ട് ചേർ​ന്ന് പ​ടി​ഞ്ഞാ​റ്റേ​ക്ക​ര ആ​ലേ ഇ​റ​ക്ക​ത്തു​ള്ള ഏ​ക പ​ല​ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വീ​ട്ടു​ട​മ​സ്ഥർ പ​ല​രും രാ​വി​ലെ ജോ​ലി​ക്ക് പോ​കു​മ്പോൾ ഗ്യാ​സെടു​ക്കാൻ ഏൽ​പ്പി​ക്കു​ന്ന​ത് ഈ ക​ട​യി​ലാ​ണ്. മി​ക്ക​പ്പോ​ഴും ക​ട​യു​ടെ മു​ന്നിൽ ഗ്യാ​സ് കു​റ്റി​യു​ടെ സാ​ന്നി​ദ്ധ്യം ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാൽ അപകട ദി​വ​സം ഗ്യാ​സ് കു​റ്റി ഒ​ന്നുംത​ന്നെ ഉ​ണ്ടാ​കാതിരുന്നത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാക്കി.