വെള്ളമില്ല, പക്ഷെ ബില്ലുണ്ട്

Saturday 13 September 2025 12:54 AM IST

കൊല്ലം: കുടിവെള്ള കണക്ഷനെടുത്ത് ഒരുവർഷമായിട്ടും തുള്ളിവെള്ളം പോലും ലഭിച്ചില്ലെങ്കിലും ബില്ല് കൃത്യമായി എത്തിച്ച് വാട്ടർ അതോറിറ്റി. പെരിനാട് ഗ്രാമപഞ്ചായത്തിലെ ചെറുമൂട് വാർഡിൽ ജലജീവൻ കണക്ഷനെടുത്ത പത്തോളം വീട്ടുകാർക്കാണ് വൻതുകയുടെ ബില്ല് ലഭിച്ചത്.

കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് ഒരുവർഷം മുമ്പാണ് കണക്ഷൻ നൽകിയത്. എന്നാൽ വെള്ളിമണ്ണിലെ ടാങ്ക് നിർമ്മാണം പൂർത്തിയായ ശേഷമേ കുടിവെള്ളം ലഭിക്കൂ എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മൊബൈൽ മെസേജിലൂടെയാണ് വാട്ടർ ബിൽ ലഭിച്ചത്.

ജനങ്ങളെ ഉപദ്റവിക്കുന്ന വാട്ടർ അതോറിറ്റിയുടെ നടപടി പിൻവലിക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

സോഫ്ട് വെയർ പ്രശ്നം മൂലമാകാം ബില്ല് ലഭിക്കാൻ ഇടയായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബില്ല് അടയ്ക്കണ്ടെന്നാണ് അധികൃതർ നൽകിയ മറുപടി.

ശിവൻ വേളിക്കാട്, പ്രസിഡന്റ്

ഗ്രന്ഥകൈരളി നഗർ റസി. അസോസിയേഷൻ