സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കി: സമ്മേളനം ബഹിഷ്കരിച്ച് മീനാങ്കൽ കുമാർ
ആലപ്പുഴ : സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഇറങ്ങിപ്പോയത് സംസ്ഥാന സമ്മേളനത്തിലെ കല്ലുകടിയായി.
ജില്ലാ ഗ്രൂപ്പിൽ നിന്ന് നൽകിയ സംസ്ഥാന കൗൺസിലംഗങ്ങളുടെ ലിസ്റ്റ് സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചപ്പോൾ തന്റെ പേര് ഒഴിവാക്കപ്പെട്ടതായി മനസിലാക്കിയ ഉടൻ, പ്രതിഷേധം നേതൃത്വത്തെ അറിയിച്ച മീനാങ്കൽ കുമാർ പുറത്തിറങ്ങിപ്പോയി. 20 ശതമാനം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന നിർദേശം പാലിക്കാനാണ് മുമ്പുണ്ടായിരുന്ന ചിലരെ ഒഴിവാക്കിയതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.തിരുവനന്തപുരത്ത് പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ ചോർന്നതിന്റെ പേരിൽ മീനാങ്കൽ കുമാറിനെതിരെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഒഴിവാക്കൽ.
2017ലെ മലപ്പുറം സമ്മേളനം മുതൽ സംസ്ഥാന കൗൺസിലിൽ അംഗമായിരുന്നു ജില്ലാ എക്സിക്യുട്ടീവംഗം കൂടിയായ മീനാങ്കൽ കുമാർ. സംസ്ഥാന കൗൺസിലിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കൗൺസിലംഗങ്ങളുടെ എണ്ണം 100ൽ നിന്നും 103 ആക്കിയതിന് പിന്നാലെയാണ് നേതാക്കൾക്കെതിരെ വെട്ടിനിരത്തലുണ്ടായത്. മിക്ക ജില്ലകളിൽ നിന്നും നിരവധി പുതുമുഖങ്ങൾ സംസ്ഥാന കൗൺസിലിൽ ഇടം നേടിയപ്പോൾ പ്രായാധിക്യവും പ്രവർത്തന പോരായ്മകളുമുള്ളവരെയും ആരോപണവിധേയരെയും ഒഴിവാക്കി. കൊല്ലത്ത് നിന്ന് മൂന്ന് പുതുമുഖങ്ങൾ സംസ്ഥാന കൗൺസിലിൽ ഇടം നേടി. എസ്. ബുഹാരി, എ.മന്മഥൻ നായർ, ലിജു ജമാൽ, തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജു, എ.എസ്.റൈസ് എന്നിവർ കാൻഡിഡേറ്റ് അംഗങ്ങളായി സംസ്ഥാന കൗൺസിലിൽ ഉൾപ്പെട്ടു.
കൊല്ലത്തെ സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുമ്പ് സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്തായ കൊല്ലത്തു നിന്നുള്ള ജി.എസ്. ജയലാലിനെ ഇത്തവണയും പരിഗണിച്ചില്ല. പാലക്കാട് നിന്ന് പൊറ്റശ്ശേരി മണികണ്ഠൻ, ഷാജഹാൻ എന്നീ പുതുമുഖങ്ങളും കൗൺസിലിലെത്തി.
ആലപ്പുഴയിൽ നിന്നുള്ള ഡി.സുരേഷ് ബാബുവിനെയും ഒഴിവാക്കി. മുൻ കൗൺസിലംഗമായിരുന്ന ചന്ദ്രനുണ്ണിത്താൻ മരിച്ചു പോയ ഒഴിവിലുൾപ്പെടെ സി.എ.അരുൺകുമാർ, ബിമൽറോയ് ,എം.കെ.ഉത്തമൻ എന്നിവരെ ഉൾപ്പെടുത്തി.