പാർട്ടിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല : കെ.ഇ.ഇസ്മയിൽ
ആലപ്പുഴ: സസ്പെൻഷന് വിധേയനായ മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ.ഇസ്മയിൽ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളന നഗരിയിലേക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രവേശിക്കുന്ന വേളയിൽ പരേഡ് കടന്നു പോകേണ്ട ഭാഗത്തായി കവാടത്തിന് അധികം അകലെയല്ലാതെ കെ.ഇ.ഇസ്മയിൽ എഴുന്നേറ്റ് നിന്നിരുന്നെങ്കിലും, പ്രവർത്തകർ ബിനോയ് വിശ്വത്തെ മറ്റൊരു ദിശയിലേക്ക് നയിച്ചതിനാൽ ഇരുവരും മുഖാമുഖം കണ്ടില്ല.
റെഡ് വോളന്റിയർമാരുടെ പരേഡ് പൂർണമായി വീക്ഷിച്ച ശേഷമാണ് ഇസ്മയിൽ സദസിൽ നിന്ന് മടങ്ങിയത്.തന്നെ അറിയുന്നതും താനറിയുന്നതുമായ സഖാക്കളെ നേരിൽ കാണാനാണ് എത്തിയതെന്നും സമ്മേളനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കരുത്തും, ശക്തിയുമായി പാർട്ടി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ആര് എന്തു പറഞ്ഞാലും താൻ പാർട്ടിയാണ്. പാർട്ടിക്ക് എതിരായും ദോഷമായും ഒന്നും ചെയ്തിട്ടില്ല. പാർട്ടിയിലൂടെയാണ് എല്ലാമായത്. സമ്മേളനത്തിന് ക്ഷണിതാവായി വിളിക്കുന്നതിന് എന്തായിരുന്നു തടസമെന്നറിയില്ല. സസ്പെൻഷൻ പിൻവലിക്കുമോയെന്ന് നേതൃത്വത്തോട് ചോദിക്കണം. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും, പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ആരും ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.