250 കിലോമീറ്റർ ജലപാത,​ 29 ടെർമിനലുകൾ, കൊച്ചി മോ‌ഡൽ നടപ്പാക്കാൻ മുംബയും

Saturday 13 September 2025 1:35 AM IST

കൊച്ചി: മുംബയിൽ വാട്ടർമെട്രോ സർവീസ് ആരംഭിക്കുന്നതിന് വിശദ പദ്ധതി റിപ്പോർട്ട് ( ഡി.പി.ആർ) തയ്യാറാക്കാനുള്ള ടെൻ‌ഡർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ലഭിച്ചു. കൊച്ചി വാട്ടർമെട്രൊ മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ സാദ്ധ്യതാ പഠനറിപ്പോർട്ട് തയ്യാറാക്കിയതും കെ.എം.ആർ.എല്ലിന്റെ കൺസൽട്ടൻസി വിഭാഗമായിരുന്നു. ഈ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.ആറിന് മഹാരാഷ്ട്ര സർക്കാർ ടെൻ‌ഡർ വിളിച്ചത്. ഡി.പി.ആർ തയ്യാറാക്കുന്നതിലൂടെ കൺസൽട്ടൻസി ഇനത്തിൽ 4.4 കോടി രൂപയുടെ കരാറാണ് കെ.എം.ആർ.എൽ നേടിയത്. 2026 ൽ നിർമാണം തുടങ്ങാ‌ൻ സാധിക്കുന്ന രീതിയിൽ ഡി.പി.ആർ ഈ വർഷം പൂർത്തിയാക്കും.

 250 കിലോമീറ്റർ ജലപാത,​ 29 ടെർമിനലുകൾ

മുംബെ മെട്രോപൊളിറ്റൻ പ്രദേശം മുഴുവൻ ഉൾപ്പെടുന്ന വയ്‌തർണ, വസായ്, മനോരി, താനേ, പനവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ചാണ് വാട്ടർമെട്രോ സർവീസ് തുടങ്ങുന്നത്. 250 കിലോമീറ്റർ നീണ്ട ജലപാതകളിൽ 29 ടെർമിനലുകളും പത്ത് റൂട്ടുകളും ഉൾപ്പെടുത്തി കനാലും കായലും കടലും കപ്പൽച്ചാലും ഉൾപ്പെടുന്ന മുംബയ് മേഖലയിൽ വാട്ടർ മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ തയ്യാറാക്കുക വെല്ലുവിളിയാണെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. മുംബെയിൽ റോഡ്, റെയിൽ, ജലപാത എന്നിവയെ ബന്ധിപ്പിച്ച് ഇന്റർമോഡൽ കണക്ടിവിറ്റി ഉറപ്പാക്കി ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വാട്ടർമെട്രൊ സഹായിക്കും.

കൺസൾട്ടൻസിയിലൂടെ വരുമാനം

കൺസൾട്ടൻസി പ്രവർത്തനങ്ങൾ കൊച്ചി മെട്രോയ്ക്ക് അധിക ടിക്കറ്റിതര വരുമാനത്തിന് വഴി തുറന്നിട്ടുണ്ട്. കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ നിർദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്ത നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള സാദ്ധ്യത പഠനവും കെ.എം.ആർ. എൽ നടത്തുന്നുണ്ട്. പാട്ന (ബിഹാർ), ശ്രീനഗർ (ജമ്മു കാഷ്മി‌ർ) എന്നിവിടങ്ങളിലെ സാദ്ധ്യത പഠന റിപ്പോർട്ട് സമ‌ർപ്പിച്ചുകഴിഞ്ഞു. അഹമ്മദാബാദ് (ഗുജറാത്ത്), ഗുവാഹത്തി എന്നിവിടങ്ങളിലെ റിപ്പോർട്ട് ഈ മാസം നൽകും.