കെ.എസ്.ഇ.ബിയിൽ 31മാസത്തെ ക്ഷാമബത്ത കുടിശിക നൽകും

Saturday 13 September 2025 1:36 AM IST

തിരുവനന്തപുരം:കെ.എസ്.ഇ.ബിയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയുടേയും ക്ഷാമാശ്വാസത്തിന്റേയും 31മാസത്തെ കുടിശിക നൽകി ഉത്തരവായി. സെപ്തംബർ മൂന്നിന് ചേർന്ന ഡയറക്ടർമാരുടെയും സർക്കാർ പ്രതിനിധികളുടേയും ഫുൾബോർഡ് യോഗത്തിലാണ് തീരുമാനം. ജീവനക്കാർക്ക് പി.എഫിൽ നിക്ഷേപിക്കും.പെൻഷൻകാർക്ക് പത്തുതുല്യഗഡുക്കളായി ഒക്ടോബർ മുതൽ നൽകും.

2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തോടെ 2024 ജൂലായിൽ അനുവദിച്ച 3% ക്ഷാമബത്തയുടേയും ക്ഷാമാശ്വാസത്തിന്റേയും കുടിശികയാണ് നൽകുന്നത്.

കെ.എസ്.ഇ.ബിയിലെ പെൻഷൻകാരുടെ സംഘടനയായ പെൻഷണേഴ്സ് കൂട്ടായ്മ ഹൈക്കോടതിയിൽ നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് കുടിശിക നൽകാൻ കെ.എസ്.ഇ.ബിവഴങ്ങിയത്. ആഗസ്റ്റ് മുതൽ കുടിശിക നൽകാനാണ് കോടതി ഉത്തരവിട്ടതെങ്കിലും ഒക്ടോബർ മുതൽ നൽകാനാണ് കെ.എസ്.ഇ.ബി മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. പെൻഷണേഴ്സ് കൂട്ടായ്മ ഇതിനെതിരെ കോടതിയലക്ഷ്യഹർജിയും നൽകിയിട്ടുണ്ട്.

2022ജൂലായ്,2023ജനുവരി,ജൂലായ് തുടങ്ങിയ സമയങ്ങളിൽ അനുവദിക്കേണ്ട ക്ഷാമാശ്വാസവും കുടിശിക സഹിതം നേടിയെടുക്കാനുള്ള നിയമപോരാട്ടം തുടരുമെന്ന് പെൻഷണേഴ്സ് കൂട്ടായ്മ പ്രസിഡന്റ് എം. മുഹമ്മദ് അലി റാവുത്തറും ജനറൽ സെക്രട്ടറി.വി.പി.രാധാകൃഷ്ണനും അറിയിച്ചു.