വാട്സ്ആപ്പ് അക്കൗണ്ട് ഹാക്കിംഗ് സജീവം, ജാഗ്രത വേണമെന്ന് പൊലീസ്

Saturday 13 September 2025 1:38 AM IST

തിരുവനന്തപുരം:വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്നത് വ്യാപകമാണെന്നും ജാഗ്രത വേണമെന്നും പൊലീസിന്റെ മുന്നറിയിപ്പ്.അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ,ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ എന്നിങ്ങനെ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്.തട്ടിപ്പുകാർ ഫോണിൽ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ,എസ്.എം.എസ്/എ.പി.കെ ഫോണിൽ അയച്ചു ഒ.ടി.പി രേഖകൾ കൈക്കലാക്കുകയും ചെയ്യും.ഇതോടെ വാട്സ്ആപ് അക്കൗണ്ടുകൾ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്യാനാവും.അക്കൗണ്ട് ഉടമ വീണ്ടും വാട്സ്ആപ് ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാൻ ശ്രമിച്ചാലും ഒ.ടി.പി നൽകാനാവാതെ 12മുതൽ 24മണിക്കൂർ വരെ വാട്സ്ആപ്പ് പ്രവർത്തന രഹിതമാവും.ഈ സമയത്ത് ഹാക്കർമാർ ഉടമയുടെ പേരിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ അയയ്ക്കും.അപകടകരമായ എ.പി.കെ ലിങ്കുകളും പ്രചരിപ്പിക്കുകയും ഇതിലൂടെ മറ്റുള്ളവരുടെ അക്കൗണ്ടുകൾ കൂടി ഹാക്ക് ചെയ്യുകയും ചെയ്യും.

പ്രതിരോധിക്കാൻ മാർഗ്ഗമുണ്ട്

ഇത്തരം തട്ടിപ്പിനെ പ്രതിരോധിക്കാൻ വാട്സ്ആപ്പിൽ ടു-സ്റ്റെപ്പ് വേരിഫിക്കേഷൻ ഉടൻ സജ്ജമാക്കണം.

ഫോണിൽ വരുന്ന ഒ.ടി.പി ഒരിക്കലും മറ്റാരുമായും പങ്കുവയ്ക്കരുത്.

അജ്ഞാതമായ ലിങ്കുകളിലോ എ.പി.കെ ഫയലുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.

സംശയാസ്പദമായി തോന്നുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുത്.

തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിക്കാം

 https://cybercrime.gov.in വെബ്സൈറ്റിൽ പരാതികൾ രജിസ്റ്റർ ചെയ്യാം.