കെ.എസ്.യു നേതാക്കളെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കി, പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

Saturday 13 September 2025 1:39 AM IST

വടക്കാഞ്ചേരി: എസ്.എഫ്.ഐ നേതാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത കെ.എസ്.യു നേതാക്കളെ മുഖംമൂടിയും കൈവിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം. വടക്കാഞ്ചേരി എസ്.എച്ച്.ഒ ഷാജഹാന് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷോക്കോസ് നോട്ടീസ് നൽകി. കെ.എസ്.യു തൃശൂർ ജില്ലാ ഭാരവാഹികളായ ആറ്റൂർ ഇറങ്ങോടത്ത് ഗണേഷ് കുമാർ (23), വാഴക്കോട് വളവ് കുറുപ്പംതൊടിയിൽ അൽ അമീൻ (23), വാഴക്കോട് കോലോത്തുകുളം മുഹമ്മദ് അസ്‌ലം (22) എന്നിവരെയാണ് മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കിയത്. വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. എൽദോ പൂക്കുന്നേൽ തീവ്രവാദികളെ പോലെ വിദ്യാർത്ഥികളെ ഹാജരാക്കിയ വിവരം കോടതിയെ അറിയിച്ചു. എന്തിന് വേണ്ടിയാണ് ഇതെന്ന് ഹാജരായ എസ്.ഐ ഹുസൈനാരോട് കോടതി ചോദിച്ചു. തിരിച്ചറിയൽ പരേഡിനാണെന്നായിരുന്നു മറുപടി. എഫ്.ഐ.ആർ വിവരങ്ങൾ തേടിയ കോടതി നേതാക്കളുടെ പേര് ഇതിൽ ഉൾപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചോദിച്ചപ്പോൾ പൊലീസ് ഉത്തരം പറഞ്ഞില്ല. ഇതോടെ എസ്.എച്ച്.ഒക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവിക്കും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിനും റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകി.

കഴിഞ്ഞമാസം 18നാണ് ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എസ്.എഫ്.ഐ നേതാക്കളായ ആദിത്യൻ, എൽദോസ് എന്നിവരെ മുള്ളൂർക്കര റെയിൽവെ ഗേറ്റ് പരിസരത്തുവച്ച് ആക്രമിച്ചത്. തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും.

പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷനിലടക്കം പരാതി നൽകുമെന്ന് വിദ്യാർത്ഥികളുടെ കുടുംബം അറിയിച്ചു. സംഭവത്തെ കോൺഗ്രസ് അപലപിച്ചു. എസ്.എച്ച്.ഒയെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് നേതാക്കളായ കെ.അജിത് കുമാർ, പി.ജെ.രാജു, ഷാഹിദ റഹ്മാൻ, പി.ജി.ജയദീപ് എന്നിവർ ആവശപ്പെട്ടു.