മലയാളി ജവാൻ ഡെറാഡൂണിലെ നീന്തൽ കുളത്തിൽ വീണു മരിച്ചു

Saturday 13 September 2025 1:40 AM IST

നേമം.സൈനിക പരിശീലനത്തിനു ഡെറാഡൂണില മിലിട്ടറി ക്യാമ്പിലെത്തിയ നേമം സ്വദേശിയായ ജവാൻ നീന്തൽ കുളത്തിൽ വീണു മരിച്ച നിലയിൽ.തിരുവനന്തപുരം പാപ്പനംകോട്, വിശ്വംഭരൻ റോഡിൽ ഇഞ്ചി പുല്ലുവിളയിൽ വാടക വീട്ടിൽ എസ്‌ ബാലുവാണ് (33) മരിച്ചത്.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഭൗതിക ശരീരം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി മിലിറ്ററി ക്യാമ്പിൽ എത്തിച്ചു.ഇന്ന് രാവിലെ 8ന് പാപ്പനംകോടുള്ള വസതിയിൽ പൊതുദർശനം. വൈകിട്ട് 4ന് പൂർണ്ണ ഔദ്യോഗിക ബഹുമതി കളോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.

ജയ്പൂരിൽ ഹവീൽദാർ തസ്തികയിൽ ജോലി ചെയ്യുന്ന ബാലു ലഫ്റ്റനന്റ് പദവിക്കായുള്ള ഡിപ്പാർട്മെന്റിൽ ടെസ്റ്റ്‌ എഴുതി വിജയിച്ചു. തുടർന്നു ശാരീരിക പരിശീലനത്തിനാണ് ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാഡമിയിലെത്തിയത്. നീന്തൽ കുളത്തിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മിലിറ്ററി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നാലേ മരണ കാരണം വ്യക്തമാകു.വെള്ളായണി സ്റ്റുഡിയോ റോഡിൽ

നെടിയവിളാകം തമ്പുരാൻ നഗറിൽ പരേതനായ സെൽവരാജിന്റെയും സരോജത്തിന്റെയും മകനായ ബാലു കഴിഞ്ഞ 13 വർഷമായി മിലിറ്ററി സർവീസിൽ ജോലി ചെയ്യുന്നു.

അർഷിദയാണ് ഭാര്യ. അബിൻ ബാലു(7 ), അയാൻ ബാലു (2) എന്നിവർ മക്കൾ.