ഹൃദയ നൊമ്പരത്തോടെ ഐസക് ജോർജിനെ ഏറ്റുവാങ്ങി ജന്മനാട്
കൊല്ലം: ആറുപേർക്ക് പുതുജീവനേകിയ ഐസക് ജോർജിനെ ഹൃദയനൊമ്പരത്തോടെ ജന്മനാട് ഏറ്റുവാങ്ങി. ഇന്നലെ ഉച്ചയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഭൗതികദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. എം.സി റോഡിൽ നിന്ന് കൊട്ടാരക്കര പുലമൺ കവലചുറ്റി കൊല്ലം- തിരുമംഗലം ദേശീയപാതയിലേക്ക് ആംബുലൻസ് പ്രവേശിച്ചപ്പോഴേക്കും ഇരുചക്ര വാഹനങ്ങളടക്കം അകമ്പടിയായി നിരന്നു. കിഴക്കേത്തെരുവ് പള്ളിമുക്കിൽ ഐസക് ജോർജ് നടത്തിയിരുന്ന ബ്ളൂം ഗാർഡൻ കഫേയ്ക്ക് മുന്നിലൂടെയായിരുന്നു വിലാപയാത്ര.
പല കോണുകളിലും ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ളക്സ് ബോർഡുകൾ നിറഞ്ഞിരുന്നു. മൂന്നരയോടെ തലവൂർ വടകോട് ബഥേൽ ചരുവിള വീട്ടുമുറ്റത്തേക്ക് ആംബുലൻസ് എത്തി. മൃതദേഹം പുറത്തേക്കെടുത്തപ്പോഴേക്കും അടക്കിപ്പിടിച്ച കരച്ചിലുകൾ അണപൊട്ടി. നിമിഷനേരം കൊണ്ട് കൂട്ട നിലവിളിയായി.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുവരെ വീട്ടിൽ പൊതുദർശനം. തുടർന്ന് കുണ്ടറ ഇടവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. അവിട്ടം ദിനമായ 6ന് രാത്രി 8ന് ഐസക് നടത്തുന്ന റസ്റ്റോറന്റിന് മുന്നിൽ വച്ചായിരുന്നു അപകടം. മന്ത്രി കെ.ബി.ഗണേശ് കുമാർ അടക്കം പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ഒന്നുമറിയാതെ പൊന്നുമോൾ
കളിചിരികളുമായി കൂടെയുണ്ടായിരുന്ന അച്ഛൻ ഇനി വരില്ലെന്ന് ഐസക് ജോർജിന്റെ മകൾ അമീലിയ നാൻസി ഐസക്കിന് ഇതുവരെ മനസിലായിട്ടില്ല. രണ്ടുവയസ് ആകുന്നതേയുള്ളൂ അവൾക്ക്. ആൾക്കൂട്ടവും ഉറ്റവരുടെ കണ്ണീരുമൊക്കെ ആ കുഞ്ഞുമനസിനെ ഉലച്ചിട്ടുണ്ടാകാം. എന്നാലും അച്ഛന്റെ വിയോഗം ഉൾക്കൊള്ളാനുള്ള പാകത മനസിന് വന്നിട്ടില്ല. ഭൗതികദേഹത്തിനടുത്തെത്തി ഒച്ചയുണ്ടാക്കാതെ അവൾ നോക്കിനിന്നപ്പോൾ കണ്ടുനിന്നവരുടെ ഉള്ള് പിടഞ്ഞു. ഇടയ്ക്ക് അമ്മയ്ക്കരികിലെത്തി ഒന്നുമറിയാതെ കരഞ്ഞു. ഹൃദയമുൾപ്പെടെ അവയവങ്ങൾ മറ്റുള്ളവർക്കായി പകുത്ത് നൽകി, ആറ് സഹജീവികൾക്ക് ജീവനും ജീവിതവും പകർന്ന് നൽകിയവനെ കുറിച്ച് പറയാൻ നൂറുനാവായിരുന്നു ഉറ്റവർക്ക്.