ആരോഗ്യനില തൃപ്തികരം ഐസക്കിന്റെ ഹൃദയം അജിനിൽ തുടിക്കുന്നു

Saturday 13 September 2025 1:54 AM IST

കൊച്ചി: പത്തനാപുരം തലവൂർ സ്വദേശി ഐസക് ജോർജിന്റെ ഹൃദയം സ്വീകരിച്ച 28കാരൻഅജിൻ ഏലിയാസിന്റെ ആരോഗ്യനില തൃപ്‌തികരം. ഒരു ദിവസം കൂടി അജിൻ സൂക്ഷ്‌മനിരീക്ഷണത്തിൽ തുടരുമെന്ന് ലിസി ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയധമനികൾക്ക് വീക്കം സംഭവിക്കുന്ന കവാസാക്കി രോഗമാണ് അങ്കമാലി സ്വദേശി അജിനെ ബാധിച്ചത്. ബൈപ്പാസ് സർജറിക്കും ആൻജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു. ഹൃദയപരാജയം സംഭവിച്ചതോടെയാണ് ലിസിയിൽ എത്തിയത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെയും ഡോ. റോണി മാത്യു കടവിലിന്റെയും നേതൃത്വത്തിലുള്ള സംഘം ഹൃദയം മാറ്റിവയ്‌ക്കലാണ് പോംവഴിയെന്ന് നിർദ്ദേശിച്ചു.

വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12.35ന് ഹൃദയവുമായി തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഹെലികോപ്‌ടർ 1.30ന് ബോൾഗാട്ടിയിലെ ഹെലിപാഡിലിറങ്ങി. 1.40ന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി ഏഴോടെ പൂർത്തിയായി. ഡോ. ഭാസ്‌കർ രംഗനാഥൻ, ഡോ. പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.

ലിസി ആശുപത്രിയിലെ ഡോക്‌ടർമാരായ ജേക്കബ് എബ്രഹാം, ജീവേഷ് തോമസ്, ജോ ജോസഫ്, ശ്രീശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി ഹൃദയം എടുക്കുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷമുള്ള 48 മണിക്കൂർ പ്രധാനപ്പെട്ടതാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.