ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി; ബിൽജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയിൽ തുടിക്കും
കൊച്ചി: വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും. പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയിൽ പൂർത്തിയായി.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം പുലർച്ചെ ഒന്നരയോടെ ശസ്ത്രക്രിയ തുടങ്ങി. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30ന് തന്നെ ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
കാലടി ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്ന ബിൽജിത്തിന്റെ വൃക്കകൾ, കണ്ണ്, ചെറുകുടൽ, കരൾ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിൽ എത്താനുള്ള സന്ദേശം പെൺകുട്ടിയുടെ കുടുംബത്തിന് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു നീക്കമെങ്കിലും കാലതാമസം വരുമെന്നതിനാൽ വന്ദേഭാരതിൽ കുട്ടിയെ കൊണ്ടുവരുവാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് ഏഴ് മണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു പെൺകുട്ടി. മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം കൊച്ചിയിലെത്തിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും മാതൃകയായി മറ്റൊരു അവയവദാനം നടന്നത്.