ശബ്‌ദരേഖ ചോർച്ച; ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത്തിനെതിരെ നടപടിയെടുത്തേക്കും

Saturday 13 September 2025 8:35 AM IST

തൃശൂർ: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെതിരെ പാർട്ടി നടപടിയെടുത്തേക്കും. വിഷയത്തില്‍ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ശബ്ദരേഖയിലെ പരാമർശത്തിൽ നേതാക്കൾക്ക് അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്നാണ് ശരത് ശബ്ദ സന്ദേശത്തിൽ പറയുന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്നും ശരത് പറയുന്നു. സ്വരാജ് റൗണ്ടിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന എംകെ കണ്ണന് ഇപ്പോൾ കോടാനുകോടി സ്വത്തുണ്ട് എന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. എന്നാൽ, അഞ്ച് വര്‍ഷം മുമ്പുള്ള ശബ്ദസന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് ശരത് പ്രസാദ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.