പ്ലാസ്റ്റിക് കസേരകളിലെല്ലാം ദ്വാരം കാണാം, അത് വെറുതെയിടുന്നതല്ല; പിന്നിലുള്ളത് വമ്പൻ കാരണങ്ങൾ

Saturday 13 September 2025 11:00 AM IST

മിക്ക പ്ലാസ്റ്റിക് കസേരകളിലും ദ്വാരം ഉണ്ടെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പലരും കരുതുന്നത് ഇത് ഡിസൈനിന്റെ ഭാഗമാണെന്നാണ്. എന്നാൽ അതിനുപിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. അതിൽ പലതും രസകരമാണ്. കസേരകൾ അടുക്കിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഒന്നാമത്തെ കാരണം.

പ്ലാസ്റ്റിക് കസേരകൾ മുകളിലായി അടുക്കി വയ്ക്കുമ്പോൾ, ദ്വാരം ഇല്ലെങ്കിൽ അവയ്ക്കിടയിൽ വായു കുടുങ്ങിപ്പോകുകയും, വലിച്ചെടുക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ അങ്ങനെ ബലമായി വലിച്ചെടുക്കുമ്പോൾ കസേര പൊട്ടിപ്പോകുകയും ചെയ്യും. കസേരയിൽ ദ്വാരം ഇടുമ്പോൾ വായു എളുപ്പത്തിൽ പുറത്തേക്ക് പോകും. അതിനാൽത്തന്നെ അടുക്കിവച്ച കസേരകൾ വേർപെടുത്താൻ പെട്ടെന്നുകഴിയും.

നിർമ്മാണ പ്രക്രിയയാണ് മറ്റൊരു കാരണം. ചൂടുള്ള പ്ലാസ്റ്റിക് അച്ചുകളിലേക്ക് ഒഴിച്ചാണ് പ്ലാസ്റ്റിക് കസേരകൾ നിർമ്മിക്കുന്നത്. ഈ ദ്വാരം അച്ചിൽ നിന്ന് കസേര എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുകയും പ്രക്രിയയ്ക്കിടെ കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഈ ചെറിയ ദ്വാരം കസേരയുടെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കുകയും അതുവഴി പ്ലാസ്റ്റിക്ക് കുറച്ച് ലാഭിക്കുകയും ചെയ്യാം. അതായത് ഉത്പാദനച്ചെലവ് കുറയ്ക്കുന്നു.

കസേരയിൽ കുറച്ച് ദ്വാരമിട്ടെന്ന് കരുതി ഉത്പാദന ചെലവ് എങ്ങനെ കുറയാനാണ് എന്ന് ചിന്തിക്കാൻ വരട്ടെ. കയറ്റുമതിക്കും മറ്റുമായി ദശലക്ഷക്കണക്കിന് കസേരകൾ നിർമിക്കുമ്പോൾ വലിയൊരു ലാഭം തന്നെയായിരിക്കുമത്. കസേരയിൽ ഇരിക്കുന്ന വ്യക്തിയുടെ കംഫർട്ടാണ് അടുത്ത കാര്യം.വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിന് കസേരയിലെ ദ്വാരം സഹായിക്കുന്നു. ഇത് വിയർപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കും.