അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചത് 17പേർ, രോഗം സ്ഥിരീകരിച്ചത് 66പേർക്ക്; യഥാർത്ഥ കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ കണക്ക് തിരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേർ മാത്രമാണ് രോഗം ബാധിച്ച് മരിച്ചതെന്നായിരുന്നു നേരത്തേയുള്ള കണക്ക്. എന്നാൽ, പുതിയ കണക്ക് പ്രകാരം, കേരളത്തിൽ ഈ വർഷം 17പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണം സ്ഥിരീകരിച്ചു. 66പേർക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു. നേരത്തേ 18 എന്നായിരുന്നു കണക്ക്.
കഴിഞ്ഞ ദിവസം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (51) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്ത് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.