'ഇങ്ങനെ സർവീസ് നടത്തിയാൽ സസ്‌പെൻഷൻ ഉറപ്പാണ്, ഒരു ചോദ്യവുമുണ്ടാകില്ല'; ഉദ്യോഗസ്ഥർക്ക് ഗണേശ് കുമാറിന്റെ മുന്നറിയിപ്പ്

Saturday 13 September 2025 11:29 AM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാരും ഒരുപോലെയാണെന്നും അവർക്കിടയിൽ രാഷ്ട്രീയമില്ലെന്നും ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. ജോലി ചെയ്യാതെ പൈസ വാങ്ങാൻ ഏതെങ്കിലും ജീവനക്കാർക്ക് ഉദ്ദേശമുണ്ടെങ്കിൽ അവർക്ക് ലീവെടുത്തോ രാജിവച്ചോ പോകാമെന്നും മന്ത്രി വ്യക്തമാക്കി. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കുറച്ച് പാവങ്ങൾ ജോലി ചെയ്യും. ജോലി ചെയ്യാതെ കുറച്ച് പേർ പൈസയുണ്ടാക്കുന്ന രീതി ഇവിടെ നടക്കില്ല. ഇതൊരു നല്ല കാര്യമല്ല. എല്ലാവരും ഒരുപോലെ ജോലി ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി വാങ്ങിയ ബസ് കഴുകാതെ സർവീസ് നടത്തിയാൽ ഉണ്ടാകുന്ന നടപടികളെക്കുറിച്ചും ഗണേശ് കുമാർ പറഞ്ഞു.

പുതുതായി വാങ്ങിയ വണ്ടികൾ കഴുകാതെ സർവീസ് നടത്തിയാൽ എഡിക്കെതിരെ നടപടിയുണ്ടാകും. താഴോട്ട് ആരാ എന്താ എന്നൊക്കെയുള്ള ഒരു ചോദ്യവുമുണ്ടാകില്ല. ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്രയും പണം മുടക്കി സർക്കാർ ഒരു കാര്യം ചെയ്തു. ജനങ്ങൾ അത് സ്വീകരിച്ചു. ജീവനക്കാർ അതിൽ സന്തോഷിക്കുന്നു. എല്ലാ അലവൻസും നൽകി സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ വിട്ടില്ലെയെന്നും മന്ത്രി ചോദിച്ചു.