അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേഗദതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Saturday 13 September 2025 12:13 PM IST

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി പ്രത്യേക മന്ത്രിസഭാ യോഗം. കേന്ദ്രനിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ടാണ് ബിൽ. തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ തന്നെ ഇതിന് ഉത്തരവിടാൻ കഴിയും. അടുത്ത നിയമസഭാ യോഗത്തിൽ ബിൽ അവതരിപ്പിക്കുമെങ്കിലും സങ്കീർണമായ കാര്യങ്ങളാണ് മുന്നിലുള്ളത്. ഗവർണറുടെയും രാഷ്‌ട്രപതിയുടെയും ഉൾപ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നത് സംബന്ധിച്ച ബില്ലും അംഗീകരിച്ചു.

നടപ്പാക്കിയാൽ വളരെ മികച്ച തീരുമാനമായിരിക്കും എന്നാണ് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിനെക്കുറിച്ച് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പ്രതികരിച്ചത്. നേരത്തേ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.