അന്യസംസ്ഥാനക്കാർ ഈ നീക്കം തുടർന്നാൽ മലയാളികൾ പട്ടിണിയിലാകും, കയ്യുംകെട്ടി നോക്കി നിന്ന് സർക്കാർ
കണ്ണൂർ: അശാസ്ത്രീയവും അനധികൃതവുമായ മാർഗങ്ങളിലൂടെ രാത്രികാലത്ത് മീൻപിടിത്തത്തിനിറങ്ങുന്ന അന്യസംസ്ഥാന ബോട്ടുകൾ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ കഞ്ഞിയിൽ മണ്ണിടുന്നു. നിരോധിത വലകളും തീവ്രപ്രകാശമുള്ള എൽ.ഇ.ഡി ബൾബുകൾ ഉൾപ്പെടെയുള്ള സംവിധാനവും ഉപയോഗിച്ചാണ് ഇത്തരം ബോട്ടുകൾ ജില്ലയിലെ കടലിലിറങ്ങി വൻതോതിൽ മീനുമായി മടങ്ങുന്നത്.
കഴിഞ്ഞമാസം അഴീക്കലിൽ അശാസ്ത്രീയമായി മത്സ്യബന്ധനത്തിലേർപ്പെട്ട രണ്ട് ബോട്ടുകളെ മത്സ്യതൊഴിലാളികൾ പിടികൂടിയിരുന്നു.ഇത്തരം അശാസ്ത്രീയ മീൻപിടിത്തം മത്സ്യസമ്പത്ത് പൂർണമായി ഇല്ലാതാക്കുമെന്നാണ് പരമ്പരാഗത മത്സ്യ തൊഴിലാളികൾ പറയുന്നത്.രാത്രിയിൽ അടിത്തട്ടിൽ ലൈറ്റ് ഉപയോഗിച്ചും ഡബിൾ നെറ്റ് (പെയർ ട്രോളിംഗ്) ഉപയോഗിച്ചുമാണ് വലിയ ബോട്ടുകളുമായി അന്യസംസ്ഥാനക്കാർ ഇറങ്ങുന്നത്. ചെറുമീനുകൾ വ്യാപകമായി നശിക്കാൻ ഇടയാക്കുന്നതാണ് ഡബിൾനെറ്റ് വഴിയുള്ള മീൻപിടിത്തം. ഇതെ തുടർന്ന് ചെറുബോട്ടുകൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മുൻകാലങ്ങളിൽ ലഭിച്ചിരുന്ന മീനുകൾ ഇപ്പോൾ ലഭിക്കുന്നില്ല.ഇതുമൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും രാത്രി മീൻപിടിത്തം ഒഴിവാക്കുകയാണ്.
നിരോധിത രീതി
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യങ്ങളെ ആകർഷിച്ച് കൂട്ടത്തോടെ പിടികൂടുന്നത് നിരോധിച്ച മത്സ്യബന്ധനരീതിയാണ് വള്ളത്തിന്റെ ചുറ്റിലും തീവ്രതയേറിയ പ്രത്യേകതരം നിറത്തിലുള്ള ലൈറ്റുകൾ രണ്ട് മീറ്ററോളം താഴ്ചയിൽ ഇടുന്നതാണ് ഇതിന്റെ ആദ്യഘട്ടം. വെളിച്ചത്തിലൂടെ കണവപോലുള്ളവ വള്ളത്തിന് ചുറ്റും എത്തും. ഇതിനെ കൂട്ടത്തോടെ പിടികൂടുന്നതാണ് ഇവരുടെ രീതി.അതെ സമയം ഈ വെളിച്ചത്തിൽ മറ്റ് മീനുകൾ തീരംവിടുകയും ചെയ്യും. ഇത് മത്സ്യ സമ്പത്ത് കുറയാനിടയാക്കുമെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പരാതി.വലിപ്പം കുറഞ്ഞ കണ്ണികളുള്ള നിരോധിത വലകളും ഇവർ വ്യാപകമായി ഉപയോഗിക്കുന്നു.ഇതിലൂടെ മത്സ്യ കുഞ്ഞുങ്ങളെ പാടെ കോരിയെടുക്കും .അനുവദനീയ ദൂരപരിധിയായ 12 നോട്ടിക്കൽ മൈൽ മറികടന്നും അന്യസംസ്ഥാന ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നതായി പരമ്പരാഗത തൊഴിലാളികൾ പറയുന്നു.
നടപടിയെടുക്കാതെ ഫിഷറീസ്
കടലിൽ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്ന മത്സ്യബന്ധനരീതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ചതാണ്. പന്ത്രണ്ട് വാട്സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാൻ മാത്രമാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് 3200 വാട്ട് ലൈറ്റ് ഉപയോഗിച്ച് അനധികൃത മീൻപിടുത്തം നടത്തുന്നതെന്ന് പരമ്പരാഗത തൊഴിലാളികൾ പറയുന്നു. ഇത്തരം പ്രവണതകൾ തടയാൻ ഫിഷറീസ് വകുപ്പ് പട്രോളിംഗ് നടപടികൾ ശക്തമാക്കുന്നില്ലെന്നും മത്സ്യതൊഴിലാളികൾ ആരോപിക്കുന്നു. വിഷയം ശ്രദ്ധയിൽപെടുത്തി എത്തുമ്പോഴേക്കും അന്യസംസ്ഥാന ബോട്ടുകൾ തീരം വിട്ടുപോയിട്ടുണ്ടാകുമെന്നും ഇവർ പറഞ്ഞു.