നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ്, തീർത്ഥാടനകേന്ദ്രമാക്കാൻ കുടുംബം

Saturday 13 September 2025 12:57 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവിൽ പൊലീസിന്റെ കണ്ടെത്തൽ. ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പൊലീസിന്റെ അന്വേഷണത്തിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം, നെയ്യാറ്റിൻകര ഗോപന്റെ സമാധി സ്ഥലം തീർത്ഥാടന കേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സമാധി സ്ഥലത്തിപ്പോൾ ഒരു ക്ഷേത്രം പണിതിട്ടുണ്ട്. നിത്യപൂജയും നടക്കുന്നുണ്ട്. ഭാവിയിൽ വലിയ ക്ഷേത്രം നിർമിക്കാനും കുടുംബം ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ജനുവരി ഒൻപതിനാണ് ഗോപൻ മരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയെന്നായിരുന്നു ഇയാളുടെ മക്കൾ പറഞ്ഞത്. മരണത്തിൽ സംശയമുന്നയിച്ച് നാട്ടുകാർ പരാതി നൽകി. തുടർന്ന് ഹൈക്കോടതിയടക്കം സംഭവത്തിൽ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ഇതിനുശേഷം വീണ്ടും സംസ്‌കരിച്ചു.

ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ വൃക്കകളിൽ സിസ്റ്റും ഹൃദയധമനികളിൽ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ളോക്കുണ്ടായിരുന്നതായി ഗോപന്റെ പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും ഉണ്ടായിരുന്നു. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുമുണ്ടായിരുന്നു. രാസപരിശോധനാഫലം വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നാണ് അന്ന് പൊലീസ് പറഞ്ഞത്.