കാറിന് തീപിടിച്ചു, വൻ ദുരന്തം ഒഴിഞ്ഞത് തലനാരിഴയ്ക്ക്

Saturday 13 September 2025 1:34 PM IST

ആറ്റിങ്ങൽ: നഗരത്തിൽ കാറിന് തീപിടിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം രാത്രി ഒരു മണിയോടെ എറണാകുളത്തു നിന്ന് ആറ്റിങ്ങലിലേക്ക് വന്ന കിളിമാനൂർ സ്വദേശി അൽ അമീനിന്റെ ഹോണ്ട ബ്രീയോ കാറിനാണ് തീപിടിച്ചത്. കാറിനുള്ളിൽ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും തീ പടരുന്നതുകണ്ടയുടൻ ഇവർ പുറത്തിറങ്ങിയതിയാൽ വൻ ദുരന്തം ഒഴിയുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തിയാണ് തീകെടുത്തിയത്.

കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. കത്തിയ കാറിന് സമീപം പെട്രോൾ ടാങ്കർ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു, ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഇവയിലേക്ക് തീ പടർന്നില്ല. ഗ്രേഡ്അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ആർ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി.രതീഷ് ആർ.നിതീഷ് ജി.എസ്.സജീവ് ഫയർ ഓഫീസ് ഡ്രൈവർ വി.എസ്.വിപിൻ ഹോം ഗാർഡ് അരുൺ കുറുപ്പ് എന്നിവ അടങ്ങുന്ന ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്.