ലേണേഴ്സ് ടെസ്റ്റിൽ മാറ്റങ്ങളുമായി മോട്ടോർ വാഹനവകുപ്പ്: ചോദ്യങ്ങളുടെ എണ്ണം കൂട്ടി, ഡ്രൈവിംഗ് സ്കൂളുകാർക്കും പരീക്ഷ

Saturday 13 September 2025 3:52 PM IST

തിരുവനന്തപുരം: ലേണേഴ്സ് ഓൺലൈൻ ടെസ്​റ്റിൽ അടിമുടി മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ്. അടുത്തമാസം ഒന്നുമുതലായിരിക്കും മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി ഉയർത്തി എന്നതാണ് പ്രധാന മാറ്റം. ഒരു ചോദ്യത്തിന് ഉത്തരം നൽകാനുള്ള സമയവും 30 സെക്കൻഡ് ആക്കിയിട്ടുണ്ട്.നേരത്തേ 20 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു ചോദ്യത്തിന് 15 സെക്കൻഡുകൊണ്ട് ഉത്തരം നൽകണമായിരുന്നു.മുപ്പതുചോദ്യങ്ങളിൽ പതിനെട്ട് ചോദ്യങ്ങൾക്കാണ് ശരിയുത്തരം നൽകേണ്ടത്.

പുതിയ എംവിഡി ലീഡ്സ് മൊബൈൽ ആപ്പിൽ പരീക്ഷയുടെ സിലബസ് ഉണ്ടാകും. പരിശീലന പരീക്ഷ എഴുതണമെന്നുള്ളവർക്ക് അതിനുള്ള സൗകര്യവും ആപ്പിലുണ്ടാകും. ആപ്പിലെ മോക്ക് ടെസ്​റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാ സർട്ടിഫിക്ക​റ്റ് നൽകുന്ന കാര്യവും ഗതാഗതവകുപ്പ് പരിഗണിക്കുന്നുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് നിർബന്ധിത പ്രീ ഡ്രൈവേഴ്സ് ക്ലാസ് ഒഴിവാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. .

ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ കൺസഷൻ ലഭിക്കുന്ന സൗകര്യവും ഏർപ്പെടുത്തും. ഡ്രൈവിംഗ് സ്‌കൂൾ പരിശീലകർ എംവിഡി ലീഡ്സ് ആപ്പ് പരീക്ഷ പാസാകണമെന്നത് നിർബന്ധമാക്കും. അല്ലാത്തവർക്ക് ലൈസൻസ് പുതുക്കിനൽകിയില്ല.

ഇതുകൂടാതെ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും റോഡ് സേഫ്‌റ്റി സർട്ടിഫിക്ക​റ്റ് പരീക്ഷ പാസാകണം. ഇല്ലെങ്കിൽ സർവീസ് ആനുകൂല്യങ്ങളെ ഇതു ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.അടുത്തിടെ ഡ്രൈവിംഗ് ടെസ്റ്റിലുൾപ്പെടെ മോട്ടോർ വാഹനവകുപ്പ് വൻ പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നു.