കുത്തനെ കൂടിയ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്, വാങ്ങുന്നവർക്ക് ആശ്വാസം
തിരുവനന്തപുരം: കുത്തനെ കൂടിയ സ്വർണ വിലയിൽ നേരിയ ഇടിവ്, വാങ്ങുന്നവർക്ക് ആശ്വാസം 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,190 രൂപയിലെത്തി. അതുപോലെ, 8 ഗ്രാം സ്വർണ്ണത്തിന്റെ വില 80 രൂപ കുറഞ്ഞതോടെ 81,520 രൂപയിലുമെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന വിലയായ 81,600 രൂപയ്ക്ക് ശേഷമാണ് മാറ്റം.
വെയിറ്റ് കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8,370 ആയി. അതേസമയം, 14 കാരറ്റും 9 കാരറ്റും സ്വർണ്ണത്തിന് യഥാക്രമം 6,520 ഉം 4,205 ഉം ആണ് വില. വെള്ളിയുടെ വില ഗ്രാമിന് 135ൽ സ്ഥിരമായി തുടരുന്നു.
ലോകത്ത് വിശ്വസിക്കാവുന്ന ഏക നിക്ഷേപസാദ്ധ്യതയെന്ന നിലയിൽ സ്വർണ്ണം മാറിയതാണ് ഇതുവരെയുള്ള സ്വർണവിലയുടെ കുതിപ്പിന് കാരണമായതെന്ന് സ്വർണ്ണ വിപണി നിരീക്ഷകനും വിദഗ്ദ്ധനുമായ എസ്.അബ്ദുൽ നാസർ പറഞ്ഞു. വില കൂടിയതോടെ സംസ്ഥാനത്ത് സ്വർണ്ണത്തോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ദീപാവലിയോടെ നിക്ഷേപ താൽപര്യം കൂടുന്നതോടെ ഡിമാൻഡും കൂടും.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് സ്വർണ്ണ വിലയിൽ വർദ്ധനവിന് കാരണമായത്, ഇത് സ്വർണ്ണം നിക്ഷേപകരെ കൂടുതൽ ആകർഷിച്ചു. സാമ്പത്തിക അനിശ്ചിതത്വവും രാഷ്ട്രീയ അസ്ഥിരതയും കൂടിച്ചേർന്ന് ഇത് ഡിമാൻഡും വിലയും വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം മുതൽ സ്വർണ്ണം 40ശതമാനത്തിലധികം വർദ്ധിച്ചു. ഇനിയും വില ഉയരാൻ സാധ്യതയുണ്ട്. നിലവിൽ, ആഗോളതലത്തിൽ സ്വർണ്ണം ട്രോയ് ഔൺസിന് 3,643 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.