സാഫല്യം ശാപമായതോടെ 24 കുടുംബങ്ങൾ പെരുവഴിയിൽ

Sunday 14 September 2025 12:20 AM IST

പാർപ്പിട സമുച്ചയം എട്ടാം വർഷം പൊളിക്കുന്നു

ചോറ്റാനിക്കര: കിടപ്പാടമില്ലാത്തവർക്കായി ഭവനനിർമ്മാണ ബോർഡും ചോറ്റാനിക്കര ഗ്രാമപഞ്ചായത്തും ചേർന്ന് 2016ൽ നിർമ്മിച്ച 'സാഫല്യം' ഫ്‌ളാറ്റ്, എട്ട് വർഷം തികയും മുമ്പ് പൊളിച്ചു നീക്കേണ്ട അവസ്ഥയിൽ. ദുർബലമായ നിർമ്മാണത്തെത്തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റാൻ വിജിലൻസ് കേസെടുത്തിട്ടുണ്ട്. മാറ്റിപ്പാർപ്പിച്ച 24 കുടുംബങ്ങൾ ആറുമാസം പിന്നിട്ടിട്ടും നീതി ലഭിക്കാതെ വാടകവീടുകളിൽ ദുരിതമനുഭവിക്കുകയാണ്. ചോറ്റാനിക്കര പഞ്ചായത്തിലെ ഏഴാം വാർഡിൽ വെട്ടിക്കൽ കത്തനാര് ചിറയ്ക്ക് സമീപം 33.9 സെന്റ് സ്ഥലത്ത് നിർമ്മിച്ച മൂന്നുനില ഫ്‌ളാറ്റിന്റെ അവസ്ഥ പരിതാപകരമാണ്. തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് സംഘം നടത്തിയ പഠനത്തിലാണ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ശുപാർശ ചെയ്തത്. ഫ്‌ളാറ്റിൽ താമസിച്ചിരുന്ന 24 കുടുംബങ്ങളെ ജനുവരിയിൽ വാടക വീടുകളിലേക്ക് മാറ്റി. പ്രതിമാസം 10,000 രൂപ വാടകയായി നൽകണം. ഇതിൽ പകുതി പഞ്ചായത്തും ബാക്കി ഗുണഭോക്താക്കളും വഹിക്കണം. ഒറ്റയ്ക്ക് താമസിച്ചിരുന്നവർക്ക് വാടക വീട് കണ്ടെത്താൻ പോലും സാധിക്കാതെ തെരുവിൽ അന്തിയുറങ്ങേണ്ട ഗതികേടുണ്ടായി. ഒരു കിടപ്പുമുറി, ഹാൾ, അടുക്കള, ടോയ്‌ലറ്റ്, ബാൽക്കണി എന്നിങ്ങനെ 319 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ളാറ്റുകളാണ് നിർമ്മിച്ചത്. ഇതിൽ ഫാക്ട്‌സ് ജിപ്‌സം പാനലുകളാണ് ഉപയോഗിച്ചത്. പാനലുകൾക്കിടയിൽ കോൺക്രീറ്റിന് പകരം മണ്ണ് നിറച്ചതാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന് പ്രധാന കാരണം. നിർമ്മാണത്തിന്റെ രണ്ടാം വർഷം തന്നെ ചോർച്ചയുണ്ടായി. ആദ്യം കരാറെടുത്ത കമ്പനി പാതിവഴിയിൽ ഉപേക്ഷിച്ചുപോയെങ്കിലും പിന്നീട് മനോജ് എന്ന കരാറുകാരൻ ഇത് പൂർത്തിയാക്കി.

പദ്ധതി വിഹിതം

സർക്കാർ വിഹിതം: 54 ലക്ഷം രൂപ

ഗുണഭോക്തൃ വിഹിതം: 1.25 ലക്ഷം രൂപ.

 പുനരധിവാസ പദ്ധതി വേണമെന്ന് ഹൈക്കോടതി.

സാഫല്യം ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ പദ്ധതി രൂപീകരിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം രണ്ടുമാസത്തിനകം വിളിക്കണമെന്നും ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. സർക്കാർ ഇടപെടലിനായി പഞ്ചായത്താണ് കോടതിയെ സമീപിച്ചത്.

രണ്ടുമാസത്തിനുള്ളിൽ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർ നിലപാട് അറിയിക്കണം. ഫ്ലാറ്റ് പൊളിച്ച് നീക്കി ലൈഫ് ഭവന പദ്ധതിയിൽ വീടുകൾ നിർമ്മിച്ച് കൈമാറാണ് ശ്രമം.

എം.ആർ രാജേഷ്, പ്രസിഡന്റ്

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

ജിപ്സം പാനൽ ഉപയോഗിച്ച് പരിചയമില്ലാത്തവരായിരുന്നു നിർമ്മാണം. പഞ്ചായത്ത് ഭരണസമിതിയും ഹൗസിംഗ് ബോർഡും തിരിഞ്ഞു നോക്കിയില്ല. കെ. പി. സന്തോഷ് ഗുണഭോക്താവ്