'കരാറില്ല',  എൻ എം  വിജയന്റെ കുടുംബത്തെ സഹായിക്കുന്നത് വിശാലമനസ്‌കതയുടെ പേരിലെന്ന് കെപിസിസി  അദ്ധ്യക്ഷൻ

Saturday 13 September 2025 5:52 PM IST

തൃശൂർ: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. എൻ എം വിജയന്റെ കുടുംബത്തെ പാർട്ടി സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റാൻ പാർട്ടിക്കാകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.

'പാർട്ടി എം വിജയന്റെ കുടുംബത്തെ സഹായിക്കുന്നുണ്ട്. അത് ഒരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ഒരു കരാറില്ല. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ അതിനുള്ള പൈസയില്ല'- സണ്ണി ജോസഫ് വ്യക്തമാക്കി.

കൈ ഞരമ്പ് മുറിച്ച പത്മജയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ വർഷമായിരുന്നു എൻ എം വിജയനും മകൻ വിജേഷും ആത്മഹത്യ ചെയ്തത്. കെപിസിസി നേതൃത്വം നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന ആരോപണവുമായി പത്മജ ഇന്നലെ രംഗത്തെത്തിയിരുന്നു.

പാർട്ടി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ എം വിജയനുണ്ടായ ബാദ്ധ്യതകളെല്ലാം ജൂൺ മുപ്പതിനകം തീർക്കാമെന്ന തരത്തിൽ പാർട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം. ഭർത്താവ് വിജേഷിന് അസുഖംവന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് ബുദ്ധിമുട്ടിലായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിലെ ബില്ലടക്കാമെന്ന് പറഞ്ഞ തുകപോലും നൽകിയില്ല. പി.വി അൻവറിനെ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ആശുപത്രിയിൽ വിളിച്ചുപറഞ്ഞിട്ടാണ് ഡിസ്ചാർജായി പോരാൻ സാധിച്ചത്. ആശുപത്രിയിൽ നിന്നെത്തിയശേഷം പാർട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രം വാങ്ങാൻ അഭിഭാഷകന്റെ ഓഫീസിലെത്തിയെങ്കിലും ലഭിച്ചില്ല.

ധാരണാപത്രം പാർട്ടി പ്രസിഡന്റ് പഠിക്കാൻ വാങ്ങിയെന്നാണ് കൽപ്പറ്റ എം.എൽ.എ പറഞ്ഞത്. കോൺഗ്രസ് പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് ഇല്ലാതാക്കുകയാണ്. കള്ളൻമാർ വെള്ളയുമിട്ട് നടക്കുന്നു. തങ്ങൾ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലംപോലും ബാങ്കിൽ പണയത്തിലാണെന്നും പത്മജ പറഞ്ഞിരുന്നു.