എറണാകുളം ശിവ ക്ഷേത്രത്തിൽ ശ്രീകോവിൽ നവീകരണത്തിന് തുടക്കം

Sunday 14 September 2025 12:48 AM IST

കൊച്ചി: നൂറ്റാണ്ട‌ുകൾ പഴക്കമുള്ള എറണാകുളം ശിവക്ഷേത്രത്തിലെ പ്രധാനശ്രീകോവിലിന് സമീപം ഉപദേവതകളെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിന്റെ പുനരുദ്ധാരണം തുടങ്ങി. ഇന്നലെ രാവിലെ ശീവേലിക്ക് ശേഷം അനുജ്ഞ ചൊല്ലലും തുട‌ർന്ന് ശ്രീമഹാഗണപതി, സുബ്രഹ്മണ്യൻ, കരിനാഗം ദേവതകളെ ബാലാലയത്തിലേക്ക് മാറ്റിയിരുത്തുന്ന ചടങ്ങുകളും നടന്നു. ക്ഷേത്രം തന്ത്രമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടും പുലിയന്നൂർ ശശി നമ്പൂതിരിപ്പാടും മുഖ്യകാർ‌മ്മികത്വം വഹിച്ചു.

ഹൈക്കോടതി ജഡ‌്ജി ജസ്റ്റിസ് പി.ഗോപിനാഥ്, കൊച്ചിൻ ദേവസ്വം അംഗങ്ങളായ കെ.പി.അജയൻ, കെ.കെ.സുരേഷ് ബാബു, തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ ബിജു ആർ. പിള്ള, ശ്രീകോവിൽ പണിത് സമർപ്പിക്കുന്ന ഭക്തൻ, മനോജ് തങ്കപ്പൻ ആചാരി, ക്ഷേത്രത്തിലെ മേൽശാന്തിമാർ, ജീവനക്കാർ, ഭക്തജനങ്ങൾ പങ്കെടുത്തു.

 40 ലക്ഷത്തോളം ചെലവ്

150 കൊല്ലത്തിന് ശേഷമാണ് ചുറ്റമ്പലത്തിനകത്തെ ശ്രീകോവിൽ നവീകരിക്കുന്നത്.40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. നിലവിലത്തെ ശ്രീകോവിലിന്റെ പാരമ്പര്യത്തിന് അനുസൃതമായിട്ടാണ് പുനരുദ്ധാരണം. ജീർണാവസ്ഥലയിലുള്ള ശ്രീകോവിൽ പൂർണതോതിൽ അഴിക്കുന്നതിന് നാളെ തുടക്കമാകും. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ദിവസവും പുണ്യാഹം നടക്കും.