മണ്ണിന്റെ ഗുണമേന്മ, കൃഷിയുടെ മേന്മ
മണ്ണിന്റെ ആരോഗ്യമാണ് ഓരോ സസ്യങ്ങളുടെയും വളർച്ചയ്‌ക്ക് ഊർജം. മണ്ണിനെ സംരക്ഷിക്കേണ്ടത് കാർഷിക മേഖലയുടെ വളർച്ചയ്ക്ക് പ്രധാനമാണ്. മണ്ണ് സംരക്ഷണവും നടപടികളുമായി ബന്ധപ്പെട്ട് മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ കേരള കൗമുദിയുമായി സംസാരിക്കുന്നു.
?മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം
കാർഷിക ഉത്പന്നങ്ങളുടെ വളർച്ചയിൽ മണ്ണിന് വളരെയേറെ പ്രാധാന്യമുണ്ട്. മണ്ണിന്റെ നിലവാരമാണ് കൃഷിയുടെ ഗുണമേന്മ നിശ്ചയിക്കുന്നത്. മണ്ണിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക വഴി കാർഷികോത്പാദനം വർദ്ധിക്കും. കേരളം ഉൾപ്പടെയുള്ള കുറച്ച് സംസ്ഥാനങ്ങളിൽ മാത്രമേ മണ്ണ് സംരക്ഷണത്തിനും മണ്ണ് പര്യവേഷണത്തിനുമായി പ്രത്യേക ഡയറക്ടറേറ്റ് നിലവിലുള്ളൂ.
?ഡിപ്പാർട്ട്മെന്റ് വഹിക്കുന്ന ചുമതലകൾ
മണ്ണിനെക്കുറിച്ചുള്ള ഡാറ്റ തയാറാക്കുന്ന മണ്ണ് പര്യവേക്ഷണവും മണ്ണൊലിപ്പ് തടയാനുള്ള സംരക്ഷണവുമാണ് സോയിൽ സർവേ ആൻഡ് കൺസർവേഷൻ ഡിപ്പാർട്ടമെന്റ് നടപ്പാക്കുന്ന പദ്ധതികൾ. ഓരോ പഞ്ചായത്തിലെയും മണ്ണിന്റെ സ്വഭാവത്തെ സംബന്ധിച്ച ഡാറ്റ തയ്യാറാക്കി കൃഷി, ഡിസാസ്റ്റർ മാനേജ്‌മെന്റ്, റൂറൽ ഡെവലമെന്റ് അടക്കമുള്ള വകുപ്പുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഓരോ പഞ്ചായത്തിലെയും മണ്ണിന്റെ ഡാറ്റ ഗ്രിഡ് സിസ്റ്റത്തിലൂടെ തയാറാക്കി ഡിജിറ്റലൈസ് ചെയ്യാനും പദ്ധതിയുണ്ട്. ഇത് റവന്യു വകുപ്പിന്റെ ഡാറ്റയുമായി ലിങ്ക് ചെയ്യും.
? ഇതുകൊണ്ടുള്ള ലക്ഷ്യം
ഉദാഹരണമായി, കേരളത്തിൽ തെങ്ങ് കൃഷിക്ക് അനുയോജ്യമായ മണ്ണ് എവിടെയൊക്കെയുണ്ടെന്ന് മനസിലാക്കാൻ ഈ ഡാറ്റ പരിശോധിച്ചാൽ മതി. മണ്ണിടിച്ചിലടക്കം സംഭവിക്കാൻ സാദ്ധ്യതയുള്ള മണ്ണിന്റെ ഘടന എവിടെയൊക്കെയാണെന്നും മുൻകൂട്ടി മനസിലാക്കാനാകും. മണ്ണിന്റെ പോഷക മൂല്യത്തിന്റെ സ്റ്റാറ്റസും ഈ ഡാറ്റയിൽ നിന്നും മനസിലാക്കാം. ഈ ഡാറ്റബേസ് അക്കാഡമിക് വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ എന്നിവർക്കും നൽകാനാകും.
? നടപ്പാക്കുന്ന പദ്ധതികൾ
സോയിൽ സർവേ വിഭാഗത്തിൽ, കേന്ദ്ര സർക്കാരിന്റെ നൂറുശതമാനം ധനസഹായമുള്ള നാഷണൽ സോയിൽ മാപ്പിംഗ് പ്രോഗ്രാം നടപ്പാക്കുന്നുണ്ട്. രണ്ടുവർഷത്തേക്ക് 20 കോടി കേന്ദ്ര സർക്കാർ ഇതിനായി നൽകും. ഇതനുസരിച്ച് എല്ലാ പഞ്ചായത്തിലെയും ഡാറ്റ ബേസ് 1: 10,000 എന്ന സ്കെയിലിൽ നിർമ്മിച്ച് ഉപഗ്രഹ മാപ്പിംഗിന്റെ സഹായത്തോടെ കൊണ്ടുവരാനുള്ള പദ്ധതിയാണിത്. ഓരോ വർഷവും 35 കോടിയുടെ പദ്ധതിയാണ് മണ്ണൊലിപ്പ് തടയാനും മണ്ണ് സംരക്ഷിക്കാനുമായി നടത്തി വരുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വന്നതോടെ മണ്ണ് സംരക്ഷണ പദ്ധതികൾ അതുവഴിയും നടപ്പാക്കുന്നുണ്ട്. എന്നാൽ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് ചെയ്യാൻ കഴിയാത്ത പദ്ധതികളാണ് ഇപ്പോൾ വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ആത്യന്തിക ലക്ഷ്യം മണ്ണിനെ സംരക്ഷിക്കുകയും അതുവഴി കൃഷിയെ പ്രോത്സാഹിപ്പിക്കുകയുമാണ്.
? മണ്ണു സംരക്ഷണ പ്രവർത്തനത്തിന് പ്രത്യേക ഷെഡ്യൂൾ റേറ്റ് (മാന്വവൽ) നിലവിലുണ്ടോ
ചെക്ക് ഡാമുകൾ, റീട്ടെയ്‌നിംഗ് വാളുകൾ എന്നിവ വകുപ്പ് നിർമ്മിക്കുന്നുണ്ടെങ്കിലും പി.ഡബ്ല്യു.ഡി മാന്വവലിലാണ് ഇപ്പോൾ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. സോയിൽ കൺസർവേഷൻ വകുപ്പിന് നിലവിൽ മാന്വവൽ ഇല്ലാത്തതാണ് കാരണം. രണ്ടു വകുപ്പുകളുടേതും വ്യത്യസ്തത തലങ്ങളിലുള്ള നിർമാണമായതിനാൽ പ്രായോഗികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിന് പരിഹാരമായി സോയിൽ കൺസർവേഷൻ മാനുവൽ ആൻഡ് കോഡ് തയ്യാറാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
? പുതുതായി വരുന്ന മാറ്റങ്ങൾ
വകുപ്പിലെ ജീവനക്കാരുടെ പകുതിയോളം ടെക്‌നിക്കൽ വിഭാഗത്തിലുള്ളവരാണ്. ഐ.ടി.ഐ, ഡിപ്ലോമ ഹോൾഡേഴ്‌സാണ് കൂടുതൽ. എൻജിനീയർ വിഭാഗത്തിലുള്ളവർ കുറച്ചുപേർ മാത്രമേ ഉള്ളൂ. ടെക്‌നിക്കൽ വിഭാഗത്തിലുള്ളവരെ ഒരുമിച്ച് ചേർത്ത് എൻജിനീയറിംഗ് വിംഗ് ഉണ്ടാക്കാനുള്ള ആലോചനയുണ്ട്. രണ്ടുമാസത്തിനകം ഇതു സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. കൂടാതെ വകുപ്പിലെ പഴക്കം ചെന്ന ഫയലുകളെല്ലാം ഡിജിറ്റലൈസ് ചെയ്യാൻ കെൽട്രോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
? നടപ്പാക്കിയ പദ്ധതികൾ സംബന്ധിച്ച് പുനഃപരിശോധന നടത്താറുണ്ടോ
ഓരോ മേഖലയിലും മണ്ണ് സംരക്ഷണ പദ്ധതികൾ ചെയ്യുന്നതിന് മുൻപും ശേഷവും ഇംപാക്ട് സ്റ്റഡി നടത്തുന്നുണ്ട്. നടത്തിയ പദ്ധതികൾ ഫലപ്രദമായോ എന്ന് ഇതിലൂടെ വിലയിരുത്താനാകും. സോയിൽ സർവേ വകുപ്പാണ് പ്രീ സ്റ്റഡി നടത്തുന്നത്. പദ്ധതി പൂർത്തീകരിച്ചശേഷം അതിന്റെ വിലയിരുത്തൽ യൂണിവേഴ്‌സിറ്റികൾ, സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് എന്നിവർ പരിശോധിക്കാറുണ്ട്.
? കർഷകർക്ക് മണ്ണു പരിശോധിക്കാനുള്ള സംവിധാനമുണ്ടോ
വകുപ്പിന് 7 മണ്ണു പരിശോധന ലാബുകളും ഒരു മൊബൈൽ ലാബുമുണ്ട്. ഇതെല്ലം കർഷകരുടെ ആവശ്യങ്ങൾ വേണ്ടിയുള്ളതാണ്. കർഷകർക്ക് മണ്ണ് സാമ്പിൾ ലാബിൽ എത്തിച്ചാൽ മണ്ണിന്റെ ഗുണമേന്മ പരിശോധന റിപ്പോർട്ട് മൂന്നുമുതൽ 15 ദിവസത്തികം നൽകും. സോയിൽ ഹെൽത്ത് കാർഡിന്റെ ഭാഗമായി എല്ലാ വർഷവും 300 സാമ്പിൾ പരിശോധിക്കുന്നുണ്ട്.