'പൊള്ളേണ്ടവർക്ക് പൊള്ളിയതിന്റെ തെളിവാണ് സെെബർ ആക്രമണം'; രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി
കൊച്ചി: പൊള്ളേണ്ടവർക്ക് പൊള്ളിയതിന്റെ തെളിവാണ് തനിക്കെതിരെയുള്ള സെെബർ ആക്രമണമെന്ന് യുവ നടി റിനി ആൻ ജോർജ്. സെെബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. രാഹുൽ ഈശ്വർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് റിനി പരാതി നൽകിയത്. സെെബർ ആക്രണങ്ങൾ ഭയന്നാണ് ഇരകൾ മൊഴി കൊടുക്കാൻ ഭയക്കുന്നതെന്നും എല്ലാവർക്കും വേണ്ടിയാണ് പരാതി നൽകിയതെന്നും നടി വ്യക്തമാക്കി.
'രൂക്ഷമായ സെെബർ ആക്രണമാണ് തനിക്കെതിരെ നടക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സെെബർ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും സെെബർ പൊലീസിനും പരാതി നൽകി. സെെബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളടക്കം പരാതിയിൽ ഉണ്ട്. അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണം. അനാവശ്യമായി കമന്റ് ഇടുന്നവരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണം. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടുപിടിക്കണം. അവർക്ക് പൊള്ളുന്നതുകൊണ്ടാണല്ലോ ആക്രമണം നടത്തുന്നത്. കമന്റ് ഇടുന്നവരെയും വീഡിയോ ഇടുന്നവരെയും മാത്രമല്ല കണ്ടുപിടിക്കേണ്ടത്. അവരുടെ പിന്നിൽ ചരടുവലിക്കുന്നവരെയും കണ്ടുപിടിക്കണം. സിനിമാ മേഖലയിൽ ഉള്ളവരുടെ വീഡിയോ പോലും ഉപയോഗിച്ച് ഇത്തരം സെെബർ ആക്രമണം നടത്തുന്നുണ്ട്. എനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കെതിരെയും സെെബർ ആക്രമണം നടത്തുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിലടക്കം ഞാൻ പ്രതികരിക്കേണ്ട കാര്യമില്ല'- റിനി വ്യക്തമാക്കി.