വീട്ടില്‍വച്ച് മന്ത്രവാദം, ബാക്കി ക്രിയകള്‍ക്കായി പുഴയിലേക്ക്; യുവാവും മന്ത്രവാദിയും മുങ്ങിമരിച്ചു

Saturday 13 September 2025 7:02 PM IST

പാലക്കാട്: മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയിൽ മുങ്ങിമരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം നടന്നത്. മന്ത്രവാദി ഹസൻ മുഹമ്മദ്, 18കാരനായ കോയമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. മന്ത്രവാദക്രിയകൾ നടത്തുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഹസന്റെ വീട്ടിൽ വച്ചാണ് മന്ത്രവാദം നടന്നത്. ഇരുവരും ചില ക്രിയകൾ നടത്താനായാണ് പുഴയിലിറങ്ങിയത്. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു.

ഒരാഴ്ച മുൻപാണ് മകന് ജോലി ശരിയാകുന്നില്ലെന്ന് പറഞ്ഞ് പള്ളിത്തെരുവിലെ ഹസൻ മുഹമ്മദിന്റെ വീട്ടിൽ മന്ത്രവാദക്രിയ്ക്കായി യുവാവിന്റെ കുടുംബം എത്തിയത്. ശേഷം ഇന്ന് വീണ്ടും എത്തി. പിന്നാലെ വീട്ടിൽ വച്ച് മന്ത്രവാദക്രിയകൾ നടത്തി. അതിന് ശേഷം ഉച്ചയോടെ പുഴയിലിറങ്ങുമ്പോഴാണ് ഇരുവരും ഒഴുക്കിൽപ്പെടുന്നത്.