സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആക്കൂളം ടൂറിസ്റ്റ് വില്ലേജിലെ പുൾ പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള നീക്കം ആരോഗ്യവകുപ്പ് നടത്തുന്നത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധന ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് ആറുപേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മലപ്പുറം ചേലേമ്പ്ര സ്വദേശി ചാലിപ്പറമ്പ് മണ്ണാറക്കൽ ഷാജി(44)യുടെ മരണമാണ് അവസാനത്തേത്. ഈ വർഷം രോഗം ബാധിച്ച് 16 പേരാണ് മരിച്ചത്. കഴിഞ്ഞവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് എട്ടുപേരാണ് മരിച്ചത്. മാത്രമല്ല, 38 പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും കേസുകളുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമാവുന്നുണ്ടെന്നാണ് വിലയിരുത്തൽ.
രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. നിലവിൽ സർക്കാർ ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിൻ വിവിധ ആരോഗ്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനം. കെട്ടിക്കിടക്കുന്ന ജസസ്രോതസുകളും കുളങ്ങളും വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യും. കുടിവെള്ള സ്രോതസുകൾ പരിശോധിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ജലാശയങ്ങളിലോ വെള്ളക്കെട്ടുകളിലോ നീന്താനിറങ്ങുന്നവർ ഈ അമീബയ്ക്കെതിരെ ജാഗ്രത പുലർത്തേണ്ടതും അത്യാവശ്യമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ തലച്ചോറിലേക്ക് കടന്ന് കോശങ്ങളെ ഉൾപ്പെടെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. രോഗം വഷളാകുന്ന ഘട്ടത്തിലെത്തുന്നതിനു മുമ്പേ തിരിച്ചറിയാൻ പലപ്പോഴും സാധിക്കാത്തതും മരണനിരക്ക് ഉയർത്തുന്നുണ്ട്. അമീബിക് മസ്തിഷ്കജ്വരം കുട്ടികളിലാണ് കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്. തടാകങ്ങൾ, പുഴകൾ, നീരുറവകൾ, അരുവികൾ തുടങ്ങിയിടത്തെല്ലാം രോഗകാരിയായ അമീബയുടെ സാന്നിദ്ധ്യം കാണാം. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയും, ആ വെള്ളം മുഖം കഴുകുമ്പോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. എന്നാൽ ഈ വെള്ളം കുടിച്ചാൽ അമീബ ഉള്ളിൽ എത്തില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയുമില്ല.